‘വരുണിനെ ബിജെപി ഒഴിവാക്കിയത് ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാൽ’; കോൺഗ്രസിലേക്ക് ക്ഷണിച്ച് അധിർ ചൗധരി

news image
Mar 26, 2024, 10:47 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ വരുൺ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി. വരുണിനെ ബിജെപി ഒഴിവാക്കിയത് ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ്. അദ്ദേഹത്തിനായി കോൺഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു. വരുൺ നല്ല പ്രതിഛായയുള്ള.ആളാണെന്നും അധിർ ചൗധരി പറഞ്ഞു.

‘‘വരുൺ ഗാന്ധി കോൺഗ്രസിൽ ചേരണം. അദ്ദേഹം പാർട്ടിയിൽ‌ ചേരുന്നത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം വലിയ നേതാവും വിദ്യാസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. ഗാന്ധി കുടുംബവുമായി അദ്ദേഹത്തിന് ബന്ധമുള്ളതിനാലാണ് ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകാത്തത്. വരുൺ ഗാന്ധിയോട് കോൺഗ്രസിൽ ചേരണമെന്ന് അഭ്യർഥിക്കുകയാണ്’’–അധിർ ചൗധരി പറഞ്ഞു.

ഞായറാഴ്ചയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാമത്തെ സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തുവിട്ടത്. പിലിഭിത്തിൽനിന്നുള്ള സിറ്റിങ് എംപി വരുൺ ഗാന്ധിയെ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 2021ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിൻ പ്രസാദയാണ് ഇവിടെ പാർട്ടി സ്ഥാനാർഥി. വരുണിന്റെ മാതാവ് മനേക ഗാന്ധിയെ സുൽത്താൻപുരിൽനിന്നുള്ള സ്ഥാനാർഥിയാക്കിയിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങളിൽ വരുൺ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ വരുൺ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. നാമനിർദേശ പത്രിക വാങ്ങിയതായും വിവരമുണ്ട്. സംസ്ഥാനം ഭരിക്കുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമർശിച്ച് പലതവണ രംഗത്തുവന്നതോടെയാണ് വരുണിനെ പാർട്ടി നേതൃത്വം തഴഞ്ഞതെന്നാണ് സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe