പൊന്നാനി: മീൻവിപണിയിൽ വലിയ മത്തിക്കു ക്ഷാമം. അപൂർവമായി മാത്രമാണ് ബോട്ടുകാർക്ക് മത്തി ലഭിക്കുന്നത്. പിടിക്കാൻ വിലക്കുള്ള കുഞ്ഞൻ മത്തിയാണെങ്കിൽ വിപണിയിൽ സുലഭവുമാണ്.
കിട്ടുന്നത് കുറഞ്ഞതോടെ വലിയ മത്തിയുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. 260 രൂപയോളമാണ് വിപണിയിൽ മത്തിയുടെ വില. വല്ലപ്പോഴും മാത്രം ലഭിക്കുന്നതിനാലാണ് വലിയ മത്തിക്ക് ഇത്രയും വിലയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
എന്നാൽ, കുഞ്ഞൻ മത്തി യഥേഷ്ടം ലഭിക്കുന്നുണ്ട്. തുച്ഛമായ വിലയ്ക്കാണ് വിപണിയിൽ ഇവ വിറ്റഴിക്കുന്നത്. കഴിഞ്ഞദിവസം കിലോയ്ക്ക് 25 രൂപയായിരുന്നു വില. വലയിൽ വേണ്ടത്ര ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാൽ അധികൃതർ പിടികൂടുമെന്നതിനാൽ ഇവയെ കടലിൽത്തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കുഞ്ഞൻമത്തികളെ വിൽപ്പനയ്ക്കായി വിപണിയിലെത്തിക്കുന്നത്.
10 സെന്റിമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് കുഞ്ഞൻമത്തി പിടികൂടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, അയക്കൂറയും ആവോലിയും ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ മത്തിയേക്കാൾ വില കുറവാണ്.
200 മുതൽ 280 രൂപവരെയാണ് അയക്കൂറയുടെയും ആവോലിയുടെയും ചില്ലറ വില്പനവില. പൊന്നാനിയിൽ കഴിഞ്ഞദിവസം 200 രൂപയ്ക്കാണ് അയക്കൂറയും ആവോലിയും വില്പന നടത്തിയിരുന്നത്. യഥേഷ്ടം ലഭിക്കുന്നതിനാലാണ് വിലക്കുറവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.