വളർത്തുനായയെ പിന്തുടർന്നെത്തി; കോന്നിയിൽ വീട്ടിലേക്ക് ഓടിക്കയറിയത് പുലി, കൂടുകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ്

news image
Aug 5, 2025, 3:28 pm GMT+0000 payyolionline.in

കോന്നി: വളർത്തു നായയെ പിടിക്കാനെത്തിയ പുലി നായയുടെ പിന്നാലെ ഓടിക്കയറിയത് വീടിനുള്ളിലേക്ക്. അപകടം തോന്നി കതകടച്ചതിനാൽ മുറിക്കുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നായയെ കിട്ടാത്ത ദേഷ്യത്തിൽ കതകിലും തറയിലും മാന്തിയ ശേഷമാണ്പുലി പുറത്തേക്കു പോയത്. പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ തട്ടാക്കുടി പൂമരുതിക്കുഴിയിൽ വീട്ടിലേക്കാണ് ഇന്ന് വൈകിട്ട് പുലി ഓടിക്കയറിയത്. വീട്ടിലെ വളർത്തുനായയെ പിന്തുടർന്നാണ് പുലി എത്തിയത്. വൈകിട്ട് മൂന്നരയോടെ പൂമരുതിക്കുഴി പൊന്മേലിൽ രേഷ്മയുടെ വീട്ടിലായിരുന്നു സംഭവം.

മൂത്തകുട്ടിയെ അങ്കണവാടിയിൽ നിന്നു വിളിച്ചുകൊണ്ടുവരാൻ ഇളയ കുട്ടിയെ എടുത്ത് പോകാൻ തുടങ്ങുമ്പോഴാണ് പുലി വളർത്തുനായയെ പിടികൂടാനായി ഓടിച്ചു കൊണ്ടുവന്നത്. പ്രാണരക്ഷാർഥം നായ ആദ്യം അടുക്കളയിലേക്കാണ് കയറിയത്. അവിടെനിന്ന് രേഷ്മയുടെ മുറിയിലേക്ക് നായ ഓടിക്കയറിയതോടെ പിന്നാലെ പുലിയുമെത്തി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റുകയും മുറിയുടെ കതക് അടയ്ക്കുകയുമായിരുന്നു. നായയെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ പുലി തറയിൽ മാന്തുകയും ചെയ്തു. പിന്നീട് പുലി മടങ്ങിയതോടെയാണ് ഇവർ പുറത്തിറങ്ങിയത്. അതിനു ശേഷം അൽപം അകലെയുള്ള വീട്ടിലെത്തി വിവരം പറയുകയായിരുന്നു.

 

വിവരമറിഞ്ഞ് പാടം ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ.അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപാടുകൾ കണ്ട് പുലിയുടേതാണെന്നു സ്ഥിരീകരിച്ചു. ഇവിടെനിന്ന് 10 കിലോമീറ്റർ അകലെ കൂടൽ പാക്കണ്ടം ഭാഗത്തും കഴിഞ്ഞ രാത്രിയിൽ പുലിയെ കണ്ടിരുന്നു. പാക്കണ്ടം പാറമടയ്ക്കു സമീപം ആര്യഭവൻ ബാബുവിന്റെ വീട്ടിലെ കോഴിക്കൂട്ടിൽനിന്ന് 5 കോഴികളെ പുലി പിടികൂടി കൊന്നുതിന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് വിവരം അറിയുന്നത്. പരിസരത്തെ സിസിടിവിയിൽ പുലിയുടെ ദൃശ്യം വ്യക്തമായിട്ടുണ്ട്. മുൻപ് പാക്കണ്ടത്തുനിന്നും ഇഞ്ചപ്പാറയിൽനിന്നും പുലികളെ വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയിട്ടുണ്ട്. അതിനാൽ തട്ടാക്കുടി പൂമരുതിക്കുഴിയിൽ പുലി വീട്ടിൽ എത്തിയ ഭാഗത്തും പാക്കണ്ടത്ത് കോഴിയെ പിടികൂടിയ ഭാഗത്തും ഇന്നുതന്നെ കൂടുകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe