തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസ്. ‘ഓപ്പറേഷൻ വെറ്റ് സ്കാൻ’ എന്ന പേരിൽ മൃഗാശുപത്രികളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ സംസ്ഥാന വ്യാപകമായി ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്സിനുകളും വാങ്ങി കൂടിയ വിലയ്ക്ക് മൃഗാശുപത്രികൾ മുഖേന വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നതായും, ചില ഡോക്ടർമാർ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും വാക്സിനുകളും ഉപഭോക്താക്കൾക്ക് നൽകുന്നതായി വ്യാജമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോൾ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മിക്ക മൃഗാശുപത്രികളിലും മരുന്നുകൾ സ്റ്റോക്ക് രജിസ്റ്റർ പ്രകാരമല്ല സൂക്ഷിക്കുന്നതെന്നും, ചില ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകളും സൂക്ഷിച്ച് വരുന്നതും കണ്ടെത്തിയിട്ടുണ്ട്.
ചില ഉദ്യോഗസ്ഥർ പുറത്ത് നിന്നും മരുന്ന് വാങ്ങി ആശുപത്രികൾ വഴി വിൽക്കുന്നതായും, പല മൃഗാശുപത്രികളിലും മരുന്ന് വിതരണത്തിനായും മറ്റും സൂക്ഷിക്കേണ്ട മരുന്ന് വിതരണ രജിസ്റ്റർ, വാക്സിനേഷൻ രജിസ്റ്റർ, തുടങ്ങിയ പല രജിസ്റ്ററുകളിലും ഉപഭോക്താക്കളുടെ മേൽവിലാസമോ വിശദ വിവരങ്ങളോ എഴുതുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. കണ്ണൂർ ജില്ലയിലെ അലക്കോട് വെറ്റിനറി ആശുപത്രിയിൽ സ്റ്റോക്കുള്ള മരുന്ന് കർഷകനെ കൊണ്ട് പുറത്ത് നിന്നും വിലകൊടുത്ത് വാങ്ങിപ്പിച്ചിട്ടുള്ളതായും, പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ സ്റ്റോക്ക് രജിസ്റ്ററിൽ ഇല്ലാത്ത മരുന്നുകൾ പുറത്ത് നിന്നും വാങ്ങി കൂടുതൽ വിലക്ക് വിൽക്കുന്നതായും കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിലെ വക്കം മൃഗാശുപത്രിയിൽ സർക്കാർ വിതരണം ചെയ്യാത്ത മരുന്നുകൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. , കോഴിക്കോട് ജില്ലയിലെ കൊടുവള്ളി വെറ്റിനറി ആശുപത്രിയിൽ 65 ഇനം മരുന്നുകൾ സ്റ്റോക്ക് രജിസ്റ്ററിൽ ഉൾപ്പെടുത്താതെ വിതരണം ചെയ്യുന്നുണ്ട്. മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ സ്വകാര്യ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങിയതായി സ്റ്റോക്ക് രജിസ്റ്റർ കാണിച്ചിട്ടുണ്ടെങ്കിലും മരുന്ന് വാങ്ങിയിട്ടില്ല. എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ നീതി സ്റ്റോറിൽ നിന്നും വാങ്ങിയ മരുന്നുകൾ സ്റ്റോക്കിൽ ചേർക്കാതെയും ബില്ല് ഇല്ലാതെയും സൂക്ഷിക്കുന്നതായും വിജിലൻസ് കണ്ടെത്തി. വയനാട് ജില്ലയിലെ പുല്പള്ളി, കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, കൊല്ലം ജില്ലയിലെ അഞ്ചൽ, ഇടുക്കി ജില്ലയിലെ പെരുവന്താനം, കോട്ടയം ജില്ലയിലെ പാല പോളി ക്ലീനിക്ക്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ എന്നിവിടങ്ങളിൽ ഡോക്ടറുടെ മുറിയിലും മറ്റ് ഉദ്ദ്യോഗസ്ഥരുടെ മുറികളിലും സ്വകാര്യ ഫാർമസികളിൽ നിന്നും വാങ്ങിയ മരുന്നുകളും സാമ്പിൾ മരുന്നുകളും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.
കണ്ണൂർ ജില്ലയിലെ കടവത്തൂർ, തൃപ്പങ്ങോട്ടൂർ, അലക്കോട്, കാസർകോട് ജില്ലയിലെ ഉദുമ, കുറ്റിക്കോൽ, കൊന്നക്കാൽ ബളാലിൽ, തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, ആട്ടുകാൽ, പെരുങ്കിടവിള, വക്കം, പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ, മല്ലപ്പള്ളി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കോട്ടയം ജില്ലയിലെ കാണക്കാരി, മേൽമുറി, പാല പോളി ക്ലീനിക്ക്, ആലപ്പുഴ ജില്ലയിലെ നൂറനാട്, മൂവാറ്റുപുഴ, പാലക്കാട് ജില്ലയിലെ മുതലമട, കൊഴിഞ്ഞാംപാറ, തിരുവാൻകുളം, പാലക്കാട് ജില്ലാ മൃഗാശുപത്രി, വയനാട് ജില്ലയിലെ കേണിച്ചിറ, കോഴിക്കോട് ജില്ലയിലെ കുന്നമംഗലം, ജില്ല വെറ്റിനറി സെന്റർ, കൊയിലാണ്ടി, മലപ്പുറം ജില്ലയിലെ മുതുവല്ലൂർ, എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂർ, കൊല്ലം ജില്ലയിലെ അഞ്ചൽ, ജില്ല വെറ്റിനറി കേന്ദ്രം, കൊട്ടാരക്കര എന്നീ മൃഗാശുപത്രികളിൽ സ്റ്റോക്ക് രജിസ്റ്റർ പ്രകാരമല്ലാതെ പല മരുന്നുകളും സൂക്ഷിച്ചിരിക്കുന്നതായി പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
കോട്ടയം ജില്ലയിലെ മേൽമുറിയിൽ പോസ്റ്റുമോർട്ടം രജിസ്റ്റർ 1999 ഒക്ടോബറിന് ശേഷം യാതൊന്നും രേഖപ്പെടുത്തിയിട്ടില്ലായെന്നും, ആലപ്പുഴ ജില്ലയിലെ നൂറനാട്, എറണാകുളം ജില്ലയിലെ കാലടി, മൂവാറ്റുപുഴ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നില്ലായെന്നും കണ്ടെത്തി. കോട്ടയം ജില്ലയിലെ കാണക്കാരിയിൽ വാക്സിനേഷൻ രജിസ്റ്ററും, വാക്സിനേഷൽ സ്റ്റോക്ക് രജിസ്റ്ററും തമ്മിൽ വ്യത്യാസമുള്ളതായും വിജിലൻസ് കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കടവത്തൂർ, തൃപ്പങ്ങോട്ടൂർ, കാസർകോട് ജില്ലയിലെ ഉദുമ, കുറ്റിക്കോൽ, കോഴിക്കോട് ജില്ല വെറ്റിനറി സെന്റർ, മലപ്പുറം ജില്ലയിലെ തിരുനാവായ, തിരുവനന്തപുരം ജില്ലയിലെ പെരുങ്കിടവിള, ഇടുക്കി ജില്ലയിലെ മുള്ളരിങ്കാട്, കോട്ടയം ജില്ലയിലെ മുളക്കുളം, കാണക്കാരി, ആലപ്പുഴ ജില്ലാ മൃഗാശുപത്രി, എറണാകുളം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ മുതലമട, കൊഴിഞ്ഞാംപാറ എന്നിവിടങ്ങളിൽ ചില ഉദ്യോഗസ്ഥർ യഥാവിധി ലീവ് വാങ്ങാതെയും, ഹാജർ രേഖപ്പെടുത്താതെയും, പുറത്തേക്ക് പോകുമ്പോൾ രേഖപ്പെടുത്തേണ്ട മൂവ്മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്താതെയും പുറത്ത്പോകുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ കുന്നുംകുളം, എറണാകുളം ജില്ലയിലെ നോർത്ത് കണ്ണൂർ ജില്ലയിലെ അലക്കോട്, വയനാട് ജില്ലയിലെ മീനങ്ങാടി, കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം , മലപ്പുറം ജില്ലയിലെ മഞ്ചേരി പോളി ക്ലീനിക്ക്, കോട്ടയം ജില്ലയിലെ കൊട്ടാരക്കര, പാല പോളി ക്ലീനിക്ക്, ആലപ്പുഴ ജില്ലയിലെ നൂറനാട്, ചേർത്തല സൌത്ത്, ജില്ലാ മൃഗാശുപത്രി, എറണാകുളം ജില്ലയിലെ കാലടി, മൂവാറ്റുപുഴ, കോതമംഗലം, ഇടപ്പളളി, പാലക്കാട് ജില്ലയിലെ മുതലമട, ജില്ലാ മൃഗാശുപത്രി, എന്നിവിടങ്ങളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നതായി വിജിലൻസ് കണ്ടെത്തി.
കണ്ണൂർ ജില്ലയിലെ അലക്കോട് വെറ്റിനറി ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് ആശുപത്രിയിലെ മരുന്ന് ഉപയോഗിച്ചിട്ടുള്ളതായും കാസർകോട് ജില്ലയിലെ ഉദുമയിൽ ആടിന് മരുന്ന് വിതരണം ചെയ്തിട്ടുള്ളതായി രജിസ്റ്ററിൽ കാണിച്ചിട്ടുള്ളത് പ്രകാരം കാണിച്ചിട്ടുള്ള വിലാസത്തിലെ ഫോൺ നമ്പരിൽ വിളിച്ച് ചോദിച്ചതിൽ പ്രസ്തുത ഉപഭോക്താവിന് ആടില്ലെന്ന് അറിവായിട്ടുള്ളതാകുന്നു. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറയിൽ അറ്റൻഡറിൽ നിന്നും കണക്കിൽ പെടാത്ത 8,280/- രൂപയും, തൃശ്ശൂർ ജില്ലയിലെ മാമംഗലത്ത് 5 ഉദ്ദ്യോഗസ്ഥരുടെ പക്കൽ നിന്നും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്താത്ത 19,271/- രൂപയും, കൊല്ലം ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ഉദ്ദ്യോഗസ്ഥൻ ക്യാഷ് രജിസ്റ്ററിൽ രേഖപ്പെടുത്താത്ത 7,871/- രൂയും വിജിലൻസ് കണ്ടെത്തി.
കൊല്ലം ജില്ലയിലെ അഞ്ചൽ മൃഗാശുപത്രിയിൽ ഫീസുകളായി ലഭിക്കുന്ന തുക കൃത്യമായി ട്രഷറിയിൽ അടയ്ക്കാതിരിക്കുന്നതായും, ആലപ്പുഴ ജില്ലയിലെ നൂറനാട് മൃഗാശുപത്രിയിൽ ഒരു മാസം ലഭിക്കുന്ന തുക അതത് ദിവസമോ അടുത്ത പ്രവർത്തി ദിവസമോ അടക്കാതെ മാസാവസാനം ഒരുമിച്ചാണ് ട്രഷറിയിൽ അടയ്ക്കുന്നതെന്നും ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തി. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ മൃഗാശുപത്രിയിലെ ഉദ്യോഗസ്ഥർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ മരുന്നുകൾ കുറഞ്ഞ വിലക്ക് വാങ്ങി കൂടിയ വിലക്ക് വിൽക്കുന്നതായും, ഗൂഗിൾ-പേ വഴി പണമിടപാടുകൾ നടത്തുന്നതായും വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ 8 വീതവും, കോട്ടയം ജില്ലയിൽ 5 ഉം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 4 വീതവും, മറ്റ് ജില്ലകളിൽ 3 വീതവും ഉൾപ്പടെ ആകെ 56 മൃഗാശുപത്രികളിലാണ് മിന്നൽ പരിശോധന നടത്തിയത്.
വിജിലൻസ് ഡയറക്ടർ . ടി.കെ. വിനോദ് കുമാർ.ഐ.പി.എസ്-അവർകളുടെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അത്തല്ലൂരി. ഐ.പി.എസ്-ന്റെ മേൽനോട്ടത്തിലും നടന്ന സംസ്ഥാനതല മിന്നൽ പരിശോധനയിൽ പോലീസ് സൂപ്രണ്ട് ഇ.എസ്.ബിജുമോൻ നേതൃത്വത്തിലും നടന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി. കെ . വിനോദ്‌കുമാർ ഐ പി എസ് അറിയിച്ചു.