തലശ്ശേരി: കൈയിൽ ധരിച്ച വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ വിഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 1.45 ഗ്രാം എം.ഡി.എം.എയുമായി യുവാവ് തലശ്ശേരി പോലീസിന്റെ പിടിയിലായി. തലശ്ശേരി പൂവളപ്പ്തെരു സ്വദേശി എസ്. സജീർ (32) ആണ് അറസ്റ്റിലായത്. മഞ്ഞോടിയിൽ വെച്ച് വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.
പോലീസ് വാഹനം കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. കൈകൾ പുറകിൽ കെട്ടി വാച്ച് മറയ്ക്കാൻ ശ്രമിച്ച ഇയാളോട് വാച്ച് അഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. സംശയം തോന്നി പോലീസ് ശക്തമായി ആവശ്യപ്പെട്ടതോടെയാണ് വാച്ച് നൽകിയത്. തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് സ്ട്രാപ്പിനുള്ളിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്.
കണ്ണൂരിൽ നിന്ന് 3000 രൂപയ്ക്കാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വാട്സാപ്പ് വഴിയാണ് ലഹരി വിൽപ്പനക്കാരുമായി ബന്ധപ്പെട്ടിരുന്നത്. തലശ്ശേരി എസ്.ഐ. അശ്വിൻ റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.
