കൊല്ലം: പണം ചോദിച്ചത് കൊടുക്കാത്തതിലെ വിരോധത്താൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെ പാറകൊണ്ട് തലയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 20 വർഷം കഠിന തടവും പിഴയും.
പെരുമ്പുഴ പ്ലാവിള പുത്തൻ വീട്ടിൽ താമസിക്കുന്ന വിനോദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ പെരുമ്പുഴ വിളയിൽ പുത്തൻ വീട്ടിൽ രതീഷ് കുമാർ, പെരുമ്പുഴ മുണ്ടപ്പള്ളി വീട്ടിൽ ഷിജു, പെരുമ്പുഴ മുല്ലശ്ശേരിൽ വീട്ടിൽ രതീഷ് ബാബു എന്നിവരെ 20 വർഷം വീതം കഠിനതടവും ലക്ഷം രൂപവീതം പിഴയും കൊല്ലം അസി. സെക്ഷൻ ജഡ്ജ് ഡോ. ടി. അമൃത വിധിച്ചത്.
2014 ജനുവരി മൂന്നിന് വിനോദും സുഹൃത്ത് അജയകുമാറും രാത്രിയിൽ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത് വരവെ വിനോദിനേയും സുഹൃത്തിനേയും അടിച്ചും ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയും വിനോദിന്റെ നെറ്റിയിലും തലയിലും കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു.
ഗുരുതരമായി പരിക്കേറ്റ വിനോദിനെ മൂന്ന് ദിവസം വെന്റിലേറ്ററിലും പിന്നീട് ഒരുവർഷത്തോളം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തും ചികിത്സിച്ചിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു.
കുണ്ടറ പൊലീസ് ഇൻസ്പെക്ടർമാരായ എം. അനിൽകുമാർ, കെ. സദൻ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച് കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ. നിയാസ്, എസ്. ശാലിനി എന്നിവർ ഹാജരായി. സി.പി.ഒ മിനിമോൾ പ്രോസിക്യൂഷൻ സഹായി ആയിരുന്നു.