തൃക്കൊടിത്താനം: ഒന്നരക്കോടി വായ്പ തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവിനെ തമിഴ്നാട്ടിൽനിന്ന് പൊലീസ് പിടികൂടി. തിരുപ്പൂർ വേലം പാളയം ആറാം സ്ട്രീറ്റിൽ ആർ. പൊൻചന്ദ്ര മൗലീശ്വരനാണ് (37) അറസ്റ്റിലായത്.
ഇയാള് മാടപ്പള്ളി സ്വദേശിയായ യുവാവിന് കോയമ്പത്തൂരുള്ള ഫിനാൻസ് കമ്പനിയിൽനിന്ന് വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. പ്രോസസിങ് ഫീസായി 39,900 ഗൂഗ്ൾ പേ വഴി വാങ്ങി. യുവാവിൽനിന്ന് ഗാരന്റിക്കായി വാങ്ങിയ ചെക്ക് ലീഫുകൾ വഴി 3,48,432 രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. വായ്പ ലഭിക്കാതിരുന്നതിനെ തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാന കുറ്റകൃത്യങ്ങൾ മഹാരാഷ്ട്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ഇയാൾ നടത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്.
ചെറുകിട വ്യവസായങ്ങൾ നടത്തുന്ന ആളുകളെ സമീപിച്ച് ബിസിനസ് ആവശ്യത്തിന് ഒരു കോടിക്കു മുകളിൽ വായ്പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അക്കൗണ്ട് പേ ചെക്കുകൾ വാങ്ങി പണം പിൻവലിക്കുകയാണ് തട്ടിപ്പിന്റെ രീതി.
ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കെ.വി. വിശ്വനാഥന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം എസ്.എച്ച്.ഒ എം.ജെ. അരുൺ, സബ് ഇൻസ്പെക്ടർ പി.എസ്. അരുൺകുമാർ, പി. സിബി മോൻ, സിവിൽ പൊലീസ് ഓഫിസർ ശ്രീകുമാർ, അരുൺ എന്നിവരുടെ അടങ്ങുന്ന സംഘം തമിഴ്നാട് വേലം പാളയത്തിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.