ക്രെഡിറ്റ് കാർഡില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകാത്ത അവസ്ഥയാണ് പലർക്കുമിപ്പോൾ. എങ്കിൽ പിന്നെ കാർഡ് എടുക്കുമ്പോൾ ഏറ്റവും സൗകര്യമുള്ളത് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വാർഷിക ഫീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവ് നൽകുന്ന ചില കാർഡുകളിതാ.
ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ഈ കാര്‍ഡ് എടുക്കുമ്പോള്‍ വാര്‍ഷിക ഫീസുകളൊന്നുമില്ല. മറ്റൊരു രസകരമായ സവിശേഷത, ഈ കാര്‍ഡ് ഉപയോഗിച്ച് നേടുന്ന റിവാര്‍ഡുകള്‍ക്ക് പരിധിയോ കാലഹരണ തീയതിയോ ഇല്ല. നിങ്ങള്‍ ആമസോണ്‍ പ്രൈമില്‍ അംഗമാണെങ്കില്‍ ആമസോണ്‍ ഇന്ത്യയില്‍ ചെലവഴിക്കുന്നതിന് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. അംഗമല്ലെങ്കില്‍ 3 ശതമാനം ക്യാഷ്ബാക്ക് നേടാം.
ഷോപ്പിങ്, ഡൈനിങ്, ഇന്‍ഷുറന്‍സ് പെയ്മെന്റ് തുടങ്ങിയ ചെലവുകള്‍ക്ക് 1 ശതമാനമാണ് ക്യാഷ്ബാക്ക്.
2 ഐഡിഎഫ്സി ഫസ്റ്റ് മില്ലേനിയ ക്രെഡിറ്റ് കാര്‍ഡ്
ഇതൊരു ആജീവനാന്ത സൗജന്യ കാര്‍ഡാണ്. 2,500 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഇഎംഐകളാക്കി മാറ്റാം. 500 രൂപ ഗിഫ്റ്റ് വൗച്ചര്‍ വെല്‍ക്കം ഓഫറായി ലഭിക്കും. സിനിമാ ടിക്കറ്റുകള്‍ക്ക് 25 ശതമാനമാണ് കിഴിവ്.
3 ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ചിപ്പ് ക്രെഡിറ്റ് കാര്‍ഡ്
ഈ ക്രെഡിറ്റ് കാര്‍ഡിന് ജോയിനിങ് ഫീസോ രണ്ടാമത്തെ വര്‍ഷം മുതല്‍ വാര്‍ഷിക ഫീസോ ഈടാക്കില്ല. മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന ഒരു നോ-ഫ്രില്‍സ് കാര്‍ഡാണിത്. ഇന്ധന സര്‍ചാര്‍ജ് ഇളവും ലഭിക്കും. തട്ടിപ്പില്‍ നിന്ന് രക്ഷ നേടാനായി ഇത് ഒരു ചിപ്പ് കാര്‍ഡിന്റെ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.
4 എച്ച്എസ്ബിസി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്
ഈ കാര്‍ഡില്‍ ജോയിനിങ് – വാര്‍ഷിക ഫീസ് പൂജ്യമാണ്. കാര്‍ഡുമായി സഹകരിക്കുന്ന ലൈഫ്സ്‌റ്റൈല്‍ പങ്കാളികള്‍ ഓഫറുകളും റിവാര്‍ഡുകളും പ്രിവിലേജുകളും നല്‍കുന്നുണ്ട്. മുന്‍നിര എയര്‍ലൈനുകളില്‍ നിന്ന് എയര്‍ മൈലുകള്‍ ലഭിക്കും. ഇതു റിവാഡായി ഉപയോഗിക്കാം.
കൂടാതെ, ഈ കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ ഓരോ തവണയും 150 രൂപ ചെലവഴിക്കുമ്പോള്‍ 2 റിവാര്‍ഡ് പോയിന്റുകള്‍ നേടാന്‍ കഴിയും.
5 വണ്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ്
ഈ കാര്‍ഡും ജോയിനിങ് – വാര്‍ഷിക ഫീസുകൾ ഈടാക്കുന്നില്ല. ലോഹം കൊണ്ട് നിര്‍മ്മിച്ച ‘പ്രീമിയം’ കാര്‍ഡായി സ്വയം പ്രൊജക്റ്റ് ചെയ്യുന്ന ഒരു കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡാണിത്. ബിഒബി കാര്‍ഡ്. സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ ഇതിന്റെ ബാങ്കിങ് പങ്കാളികളാണ്.
ഈ കാര്‍ഡിന്റെ ഓണ്‍ ബോര്‍ഡിങ് പ്രക്രിയ പൂര്‍ണമായും ഡിജിറ്റല്‍ ആണ്, അതിനാല്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ചേരാം.