രാമനാട്ടുകര: മാർച്ച് 24 ന് വൈകീട്ട് സഹോദരനോടൊപ്പം സ്കൂട്ടറിൽ പോകവേ പിന്നിൽ നിന്നെത്തിയ ലോറിയിടിച്ച് റോഡിലേക്ക് വീണ യുവതി മറ്റൊരു വാഹനം ഇടിച്ചു മരിച്ച സംഭവത്തിലുൾപ്പെട്ട ലോറിയും ഡ്രൈവറെയും ഫറോക്ക് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തും ഫറോക്ക് അസി. കമ്മീഷണർ എ എം സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് പോലിസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. കർണ്ണാടക ഉടുപ്പി മധഗ സ്വദേശി മുഹമ്മദ് ഇബ്രാഹിം (48) നെ ആണ് ഫറോക്ക് എസ് ഐ വിനയൻ അറസ്റ്റ് ചെയ്തത്. കുറ്റ്യാടി ആയഞ്ചേരി കോമത്ത് മുഹമ്മദിന്റെ ഭാര്യ തേഞ്ഞിപ്പലം ദേവതിയാൽ പൂവളപ്പിൽ ബീബി ബിഷാറ (23) ആണു മരിച്ചത്. കോഴിക്കോട് ഇഖ്റ ആശുപത്രി ലബോറട്ടറി ജീവനക്കാരിയായിരുന്നു.
സഹോദരൻ ഫജറുൽ ഇസ്‌ലാമിനൊപ്പം ആശുപത്രിയിലേക്കു ജോലിക്കു പോകവേ മാർച്ച് 24 തിങ്കളാഴ്ച്ച വൈകിട്ട് 7.10ന് രാമനാട്ടുകര
മേൽപാലത്തിലാണു അപകടം. സ്‌കൂട്ടറിൽ ലോറി ഇടിച്ചതിനെ തുടർന്നു തെറിച്ചു വീണ ബിഷാറയുടെ ദേഹത്ത് തൊട്ടുപിന്നിൽ എത്തിയ മറ്റൊരു വാഹനം കയറി ഇറങ്ങിയാണ് മരണം സംഭവിച്ചതെന്ന് സഹോദരൻ പോലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് അന്വേഷണം ഏറ്റെടുത്ത ഫറോക്ക് ക്രൈം സ്ക്വാഡിന് ഹൈ വെയുടെ വർക്ക് നടക്കുന്നതിനാൽ വാഹനത്തെ കുറിച്ചുള്ള അന്വേഷണം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. കോട്ടക്കൽ മുതൽ കൊയിലാണ്ടി വരെ ഹൈവെ സർവീസ് റോഡിൽ ലഭ്യമായ സിസിടിവികൾ കേന്ദ്രീകരിച്ചും നിരവധി വാഹനങ്ങൾ പരിശോധിച്ചുമുള്ള അന്വേഷണത്തിലാണ് ലോറിയെ പറ്റിയുള്ള സൂചന ലഭിച്ചത്. സംഭവത്തിൽ മറ്റൊരു വാഹനം കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഇന്ന് ലോറി പെരിന്തൽമണ്ണ ഭാഗത്ത് മത്സ്യം ഇറക്കാൻ വന്നിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേരി വെച്ച് ലോറി കണ്ടെത്തി ഫറോക്ക് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ലോറി ഡ്രൈവർ ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും ശാസ്ത്രീയമായ തെളിവുകൾ നികത്തിയ അന്വേഷണ സംഘത്തിനോട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ലോറിയിലുള്ള മത്സ്യം കൃത്യ സമയത്ത് എത്തിക്കുന്നതിനായാണ് ലോറി നിർത്താതെ പോയതെന്ന് പ്രതി പോലീസിനോട് മൊഴി നൽകി. അപകടം വരുത്തി നിർത്താതെ പോകുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫറോക്ക് അസി. കമ്മീഷണർ അറിയിച്ചു.
ഫറോക്ക് ക്രൈം സ്ക്വാഡ് അസി. സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സി.പി.ഒ മാരായ ഐ.ടി വിനോദ്, മധുസൂദനൻ മണക്കടവ്, അനുജ് വളയനാട്, സി .പി.ഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു, ഫറോക്ക് പൊലിസ് സ്റ്റേഷനിലെ സി.പി.ഒമാരായ ശന്തനു , അഷറഫ് സൈബർ സെല്ലിലെ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഫറോക്ക് സബ് ഇൻസ്പെക്ടർ അനൂപ് സ്റ്റീഫനാണ് കേസ്സിൻ്റെ അന്വേഷണ ചുമതല.