വികസനവും പരിസ്ഥിതിസംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ: കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് ഗവർണർ

news image
Jun 2, 2026, 4:20 am GMT+0000 payyolionline.in

കുന്ദമംഗലം : വികസനപ്രവർത്തനങ്ങളും പരിസ്ഥിതിസംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ കൃത്യമായി പാലിക്കുന്നതിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് വലിയൊരു മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കേരള സന്ദർശനത്തിന്റെ ഭാഗമായി എത്തിയ ‘യുവ സംഗം’ പ്രതിനിധി സംഘവുമായി കോഴിക്കോട് ഐ.ഐ.എമ്മിൽ വെച്ച് സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഉയർന്ന സാക്ഷരത, ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങൾ, സാമൂഹിക വികസനം, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവയെല്ലാം ഏറെ പ്രശംസനീയമാണെന്നും, ഇതുകൊണ്ടുതന്നെ ‘ദൈവത്തിന്റെ സ്വന്തംനാട്’ എന്ന വിശേഷണത്തിന് കേരളം എല്ലാ അർത്ഥത്തിലും അർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ട് കേരളത്തിൽനിന്ന് കാശ്മീരിലേക്ക് ആദിശങ്കരാചാര്യർ നടത്തിയ ചരിത്രയാത്രയെ അനുസ്മരിച്ച ഗവർണർ, ഭാരതത്തിന്റെ സാംസ്‌കാരിക ഏകത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു ആ യാത്രയെന്നും വിശേഷിപ്പിച്ചു.

​കേന്ദ്ര സർക്കാർ വിജയകരമായി നടപ്പാക്കുന്ന ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള യുവ സംഗം, രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള യുവാക്കളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിനും സംസ്കാരങ്ങൾ മനസ്സിലാക്കുന്നതിനും ഒരുക്കുന്ന മികച്ചൊരു വേദിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഐ.ഐ.എം. കോഴിക്കോട് ഡയറക്‌ടർ-ഇൻ-ചാർജും ഫാക്കൽറ്റി അഡ്മിനിസ്ട്രേഷൻ ആൻഡ് റിസർച്ച് ഡീനുമായ പ്രൊഫ. എം.പി. സെബാസ്റ്റ്യൻ ഗവർണറെ കാമ്പസിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ വിദ്യാഭ്യാസം, സുസ്ഥിരവികസനം, സാംസ്കാരിക പൈതൃക സംരക്ഷണം, ദേശീയ ഐക്യം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രതിനിധി സംഘാംഗങ്ങൾ ഗവർണറുമായി സജീവമായി സംവദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe