ചെന്നൈ: വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഹകരിക്കാൻ തയാറാണെന്ന തമിഴഗ വെട്രി കഴകത്തിന്‍റെ (ടി.വി.കെ) പ്രഖ്യാപനത്തിനു പിന്നാലെ സഖ്യമുണ്ടാക്കുന്ന കാര്യം ബി.ജെ.പി പരിഗണിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് തമിഴ്‌നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡി.എം.കെ വിരുദ്ധ മുന്നണിയിൽ പരമാവധി കക്ഷികളെ ഉൾക്കൊള്ളിക്കണമെന്ന നിർദേശമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്നത്.
ഏതുവിധേനയും ടിവികെയുമായി സഖ്യത്തിനു ശ്രമിക്കണമെന്ന സൂചനയും ദേശീയ നേതൃത്വത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.എം.കെയെ രാഷ്ട്രീയ എതിരാളിയായും ബി.ജെ.പിയെ പ്രത്യയശാസ്ത്ര എതിരാളിയായും വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ടി.വി.കെയുടെ മുഖ്യശത്രു ഡി.എം.കെയാണ്. ഡി.എം.കെയും ബി.ജെ.പിയുമൊഴികെ ആരുമായും സഖ്യമുണ്ടാക്കുമെന്നു പറഞ്ഞിരുന്ന ടി.വി.കെ, വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ സഖ്യമുണ്ടാക്കുമെന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട്.
ബി.ജെ.പിയുമായോ ഭരണകക്ഷിയായ ഡി.എം.കെയുമായോ രാഷ്ട്രീയ സഖ്യം രൂപീകരിക്കില്ലെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് ടി.വി.കെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന സൂചന പാര്‍ട്ടി നൽകിയിരുന്നെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ എ.ഐ.എ.ഡി.എം.കെയും ടി.വി.കെയോടൊപ്പം ചേരാന്‍ താൽപര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. 20 സീറ്റാണ് പനീര്‍സെല്‍വം ചോദിക്കുന്നത്. 15 സീറ്റേ നല്‍കൂവെന്ന നിലപാടാണ് ടി.വി.കെക്ക്. ഡി.എം.കെയെ താഴെയിറക്കുക എന്ന ലക്ഷ്യവുമായാണ് വിജയ് 2024 ഒക്ടോബറിൽ ടി.വി.കെക്ക് തുടക്കമിട്ടത്.
