കോഴിക്കോട് ∙ പോക്സോ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കോഴിക്കോട് തിരുവണ്ണൂർ സ്വദേശി നാറ്റിങ്ങൽ പറമ്പിൽ മുഹമ്മദ് അഷ്റഫ് (26) അറസ്റ്റിൽ. കുന്ദമംഗലം പൊലീസാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്കു നേരെ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അമ്മ ജോലി ചെയ്യുന്ന ഷോപ്പിനടുത്തുള്ള മുറിയിൽ പ്രതി ലൈംഗികാക്രമം നടത്തുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
പ്രതി വിദേശത്തേക്ക് കടന്നുകളയാൻ സാധ്യതയുണ്ടന്ന് മനസ്സിലാക്കിയ പൊലീസ് പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയും കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ, എസ്ഐ നിധിൻ എന്നിവർ ചേർന്ന് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.