തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന് മുൻപ് വിദേശ പൗരന്മാർക്കും ബ്രിട്ടീഷ് കമ്പനികൾക്കും കേരള രാജാക്കന്മാർ ഭൂമി പാട്ടമായും, ഗ്രാന്റായും വ്യവസ്ഥകളോടെ നൽകിയ തോട്ടം ഭൂമിയിൽനിന്ന് പാട്ടത്തുക പിരിക്കാൻ ബജറിറൽ നിർദേശം. ബ്രിട്ടീഷ് കമ്പനികൾ ഉപേക്ഷിച്ചുപോയ ഈ തോട്ടം ഭൂമി ഇന്ന് കൈവശം വെച്ചിരിക്കുന്നവരിൽ നിന്നും സർക്കാർ നിയമാനുസരണം പാട്ടം നിശ്ചയിച്ച് പാട്ടത്തുക പിരിച്ചെടുക്കും.
കേരളത്തിൽ ഈയിനത്തിൽ 1,00,312 ഹെക്ടർ (2,47,876 ഏക്കർ) ഭൂമിയുണ്ടെന്നാണ് ലഭിച്ച കണക്ക്. ചില കേസുകളിൽ സർക്കാരിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള സിവിൽ കോടതിയിൽ നിയമ നടപടികൾ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളിൽ സർക്കാർ താൽപര്യം സംരക്ഷിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിച്ച് സർക്കാരിന് ലഭിക്കേണ്ട പാട്ടത്തുക പിരിച്ചെടുക്കാനാണ് ബജറ്റ് നിർദേശം.
പ്രഫ. എം.വി.താമരാക്ഷൻ ചെയർമാനായ നിയമസഭ പരിസ്ഥിതി സമിതി നെല്ലിയാമ്പതി എസ്റ്റേറുകളെ സംബന്ധിച്ച് 1997 ജൂലൈ 29ന് സമർപ്പിച്ച റിപ്പോർട്ടിൽ പാട്ടം പിരിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. ഈ തോട്ടങ്ങളുടെ എല്ലാ ചെലവും കഴിഞ്ഞ് സർക്കാർ ഭൂമിയിൽനിന്ന് ഉണ്ടാകുന്ന ലാഭത്തിന്റെ 75 ശതമാനം അടക്കണമെന്നായിരുന്നു റിപ്പോർട്ടിൽ എ.വി താമരാക്ഷൻ സമിതി ചൂണ്ടിക്കാണിച്ചത്. ഈ റിപ്പോർട്ടിലെ ശിപാർശ റവന്യൂ വകുപ്പ് നടപ്പാക്കിയില്ല .1996 നവംബറിൽ കേരള നിയമസഭയുടെ അഷ്വറൻസ് കമിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ തുച്ഛമായ പാട്ടനിരക്കു മൂലം പ്രതിവർഷം 500 കോടിരൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടാകുന്നുവെന്ന്
ചൂണ്ടിക്കാണിച്ചിരുന്നു. അതിനും തുടർ നടപടി ഉണ്ടായില്ല. നിലവിൽ ഏതാണ്ട് 1,500 കോടിയെങ്കിലും പിരിച്ചെടുക്കാമെന്നാണ് റലവന്യൂ വകുപ്പിന്റെ പ്രതീക്ഷ.