ദില്ലി: സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുന്നതിനായി കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 65.68 കോടി രൂപ. പി.ടി ഉഷ എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണ്ണാ ദേവി നല്‍കിയതാണ് മറുപടി.
രാജ്യത്തെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യകളും നൂതന വിദ്യകളെ കുറിച്ച് പഠിക്കുന്നതിനുമായാണ് കേന്ദ്രം അടല്‍ ടിങ്കറിങ് ലാബ് (എടിഎല്‍) സ്‌കൂളുകള്‍ക്കായി അനുവദിച്ചത്. നീതി ആയോഗിന്റെ ഭാഗമായി അടല്‍ ഇന്നൊവേഷന്‍ മിഷന്റെ കീഴിലാണ് അടല്‍ ടിങ്കറിങ് ലാബ് നടപ്പിലാക്കുന്നത്.
കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എടിഎല്‍ സ്ഥാപിക്കുന്നുണ്ട്. അഞ്ച് വര്‍ഷ കാലയളവിലേക്ക് എടിഎല്‍ സ്ഥാപിക്കുന്നതിനായി സ്‌കൂളുകള്‍ക്ക് 20 ലക്ഷം വീതമാണ് നല്‍കുന്നത്. ഇതില്‍ എടിഎല്‍ സ്ഥാപിക്കുന്നതിനാണ് 10 ലക്ഷം ബാക്കി 10 ലക്ഷം പ്രതിവര്‍ഷം രണ്ട് ലക്ഷം വീതം ലാബിന്റെ പരിപാലനത്തിനായാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.
കേരളത്തിനായി നിലവില്‍ 65.68 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 44.28 കോടി എടിഎല്‍ സ്ഥാപിക്കുന്നതിനും 21.40 കോടിരൂല ലാബിന്റെ പ്രവര്‍ത്തന ചെലവുകള്‍ക്കുമാണ്.
വിദ്യാര്‍ത്ഥികളില്‍ ഡിസൈന്‍ മൈന്‍ഡ്സെറ്റ്, കംപ്യൂട്ടേഷണല്‍ തിങ്കിങ്, അഡാപ്റ്റീവ് ലേണിങ്, ഫിസിക്കല്‍ കംപ്യൂട്ടിങ് തുടങ്ങിയ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നവയാണ് അടല്‍ ടിങ്കറിങ് ലാബുകള്‍.