തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്കായി സ്കൂളുകൾ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർഥികളുടെ വിവരങ്ങൾ അപ്രത്യക്ഷമായി. ഇതോടെ മാർച്ച് അഞ്ചിന് തുടങ്ങുന്ന പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ പ്രതിസന്ധിയിലായി. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിന്‍റെ നിയന്ത്രണത്തിലുള്ള സമ്പൂർണ പോർട്ടൽ വഴിയാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ ‘എ’ ലിസ്റ്റ് തയാറാക്കാനുള്ള രജിസ്ട്രേഷൻ നടപടികൾ സ്കൂളുകൾ പൂർത്തിയാക്കുന്നത്.
ആറാം പ്രവൃത്തിദിനത്തിലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന രജിസ്ട്രേഷനിൽ ലഭിക്കുന്ന വിവരങ്ങൾ കൈറ്റ് പരീക്ഷാഭവന്‍റെ നിയന്ത്രണത്തിലുള്ള ഐ. എക്സാം പോർട്ടലിലേക്കാണ് കൈമാറുന്നത്. ഇങ്ങനെ കൈമാറിയ വിദ്യാർഥികളുടെ വിവരങ്ങളാണ് ഐ.എക്സാമിൽ ലഭ്യമല്ലാതായത്. വിദ്യാർഥികളുടെ ഫോട്ടോ, പരീക്ഷ എഴുതുന്ന മീഡിയം, ഫിസിക്കൽ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ പോലും പോർട്ടലിൽനിന്ന് നഷ്ടപ്പെട്ടു. നവംബർ 30 വരെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയം. വിവരങ്ങൾ അപ്രത്യക്ഷമായത് വിദ്യാർഥികളുടെ പരീക്ഷ അവസരത്തെ ബാധിക്കുമോ എന്നതടക്കം ആശങ്കകൾ സ്കൂൾ അധികൃതരെ അലട്ടുന്നു.
ഓൺലൈനായി നേരത്തേ നൽകിയ വിവരങ്ങൾ വീണ്ടും നൽകേണ്ടിവരുമോ എന്ന ആശങ്കയും സ്കൂളുകൾ പങ്കുവെക്കുന്നു. പരീക്ഷാഭവനിലും കൈറ്റിലും സ്കൂൾ അധികൃതർ ബന്ധപ്പെട്ടെങ്കിലും സാങ്കേതികപ്രശ്നം കണ്ടെത്താൻ പരീക്ഷാഭവന് കഴിഞ്ഞിട്ടില്ല. നാലേകാൽ ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന പരീക്ഷക്ക് ഇതുവരെ പരീക്ഷാഭവനിൽ മൂന്നര ലക്ഷത്തോളം വിദ്യാർഥികളുടെ വിവരം ലഭിച്ചെന്നാണ് വിവരം. ഇതിൽ ഒട്ടേറെ വിദ്യാർഥികളുടെ വിവരങ്ങൾ ലഭ്യമല്ലാതായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പരീക്ഷാഭവന്‍റെ കമ്പ്യൂട്ടർ വിഭാഗത്തിൽ നടത്തിയ അഴിച്ചുപണികൾ കഴിഞ്ഞ വർഷവും പരീക്ഷ പ്രവർത്തനങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
