കൊച്ചി ∙ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ റാഗിങ് സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. റാഗിങ് വിരുദ്ധ നിയമങ്ങൾ നിലവിലുണ്ടായിട്ടും ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, എസ്.മനു എന്നിവരുടെ നിർദേശം.
റാഗിങ് തടയണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ഇതു സംബന്ധിച്ച് കൃത്യമായ ചട്ടക്കൂടുകളുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതുമൂലം ഒട്ടേറെ റാഗിങ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഫലപ്രദമായ റാഗിങ് വിരുദ്ധ നടപടികൾക്ക് കോടതി നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.
റാഗിങ് തടയുന്നതിന് സംസ്ഥാന, ജില്ലാ തല റാഗിങ് വിരുദ്ധ നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നതാണ് ഹർജിക്കാർ മുന്നോട്ടു വയ്ക്കുന്ന പ്രധാന നിർദേശം. സ്കൂളുകളില്‍ റാഗിങ് വിരുദ്ധ സ്ക്വാഡുകള്‍ രൂപീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവ സംസ്ഥാനതല നിരീക്ഷക സമിതി മുൻപാകെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഈ വിഷയം പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ കോടതി തീരുമാനിച്ചത്. കേസ് നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും.