കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. പറമ്പിൽ കടവ് കുന്നത്തുമലയിൽ വീട്ടിൽ താമസിക്കുന്ന വയനാട് മുട്ടിൽ സ്വദേശി ചോലയിൽ കുഞ്ഞുമോനാണ് (42) അറസ്റ്റിലായത്. ചേവായൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനി ഉറക്കത്തിൽ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിന് പൂജിച്ച ചരടു കെട്ടാൻ അമ്മയോടൊപ്പം പൂജാരിയുടെ അടുക്കൽ പോവുകയായിരുന്നു. പ്രതിയായ പൂജാരി പൂജകൾ നടത്തണമെന്ന് പറഞ്ഞതിനെ തുടർന്ന് പൂജാസാധനങ്ങളുമായി എത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
തുടർന്ന് നഗ്ന ഫോട്ടോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അവധി കഴിഞ്ഞ് കോളജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ പിന്തുടർന്ന് ലോഡ്ജിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും വിദ്യാർഥിനി ചേവായൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിമിൻ കെ. ദിവാകരൻ, സജീവ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.