വിധി കാത്ത് ! ക്വട്ടേഷന് കാരണം നടിയുടെ വെളിപ്പെടുത്തല്‍ ……. വിവരങ്ങള്‍ പുറത്ത്

news image
Dec 5, 2025, 10:24 am GMT+0000 payyolionline.in

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നിൽക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ഡിസംബര്‍ എട്ടിനാണ് കേസിൽ അന്തിമ വിധി വരുക. വിചാരണ കോടതിയിലെ പ്രോസിക്യൂഷന്‍റെ വാദങ്ങള്‍  ഓണ്‍ലൈനിന്  ലഭിച്ചു. കാവ്യാ മാധവനുമായുള്ള ദിലീപിന്‍റെ ബന്ധം മുൻ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് നടി പറഞ്ഞതാണ് ക്വട്ടേഷൻ ബലാത്സംഗത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യയുടെ ഫോണ്‍ നമ്പര്‍ പേരുമാറ്റി ദിലീപ് തന്‍റെ ഫോണിൽ സേവ് ചെയ്തത് മഞ്ജു വാര്യര്‍ കണ്ടുപിടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, ക്വട്ടേഷൻ ബലാത്സംഗമെന്ന ആരോപണം പൊലീസിന്‍റെ കെട്ടുകഥയെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ ആറുവർഷമായി നടന്നുവന്ന വിചാരണയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

 

2012 ഫെബ്രുവരി 12നാണ് ദിലീപ് -കാവ്യാ ബന്ധം അന്ന് ദിലീപിന്‍റെ ഭാര്യയായിരുന്ന മഞ്ജു വാര്യർ അറിയുന്നത്. കാവ്യയുടെ നമ്പര്‍ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പര്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരിൽ നിന്ന് മറച്ചുപിടിക്കാനായിരുന്നു ഇത്തരത്തിൽ മറ്റു പേരുകള്‍ നൽകിയതെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്. ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണിൽ കാവ്യയുടെ ഫോണ്‍ നമ്പര്‍ ദിലീപ് കാവ്യയുടെ പേരുകളുടെ ചുരുക്കെഴുത്തായ ‘Dil Ka’ എന്നും ‘Ka Dil’എന്നുമാണ് സേവ് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷൻ വിചാരണ വേളയിൽ കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഈ നമ്പർ ഉപയോഗിച്ചിരുന്നതും ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിന്‍റെ ഫോണിൽ ചെല മേസേജുകൾ മഞ്ജു കണ്ടു. ഇക്കാര്യങ്ങളിലടക്കം ദിലീപുമായുണ്ടായ തര്‍ക്കമാണ് വിവാഹമോചനത്തിലേക്കടക്കം എത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. സുഹൃത്തുക്കളായ മറ്റു രണ്ടു നടിമാര്‍ക്കൊപ്പം മഞ്ജു നടിയുടെ അടുത്തെത്തി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് നടി ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് അവരോട് പറഞ്ഞതെന്നുമാണ് പ്രോസിക്യൂഷൻ വാദം.

കാവ്യാ -ദിലീപ് ബന്ധത്തെപ്പറ്റി  ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യരോട് പറഞ്ഞതിലുളള വൈരാഗ്യം ക്വട്ടേഷൻ ബലാത്സസംഗത്തിന് കാരണമായെന്നും പ്രോസിക്യൂഷൻ വാദിച്ചു.  ഈ ബന്ധം അറിഞ്ഞതിന് പിന്നാലെയാണ് 2013 ഏപ്രിൽ 17ന് താലി മാല ദിലീപിന്‍റെ വീട്ടിൽ ഊരിവെച്ച് മഞ്ജു ഇറങ്ങിപ്പോയതെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. അതേസമയം, പ്രോസിക്യൂഷൻ ആരോപണം തളളിയാണ് ദിലീപ് കോടതിയിൽ വാദിച്ചത്. ക്വട്ടേഷൻ നൽകിയിയതിന് തെളിവില്ലെന്നും പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നും ദിലീപ് വാദിച്ചു. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിനും ആക്രമിക്കപ്പെട്ട നടിയൊരു കാരണമല്ലെന്നും ദിലീപ് വാദിച്ചു.

 

2017 ഫെബ്രുവരി 17ന് രാത്രി 9 മണിക്കാണ് കൊച്ചി നഗരത്തിലൂടെ ഓടിയ കാറിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉള്‍പ്പെടെ ഒമ്പതുപേരാണ് കേസിൽ പ്രതികളായത്. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ ഡിസംബര്‍ എട്ടിന് വിധി പറയുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. ആദ്യഘട്ടത്തിൽ ദിലീപിനെ പ്രതിചേര്‍ത്തിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് രണ്ടുമാസത്തിനുശേഷം ഒക്ടോബര്‍ മൂന്നിന് ദിലീപിന് ജാമ്യം ലഭിച്ചു. 2017 ഫെബ്രുവരിയിലാണ് പള്‍സര്‍ സുനി പിടിയിലാകുന്നത്. ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ദിലീപ് എട്ടാം പ്രതിയായ കേസിൽ അന്തിമ വിധി പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe