തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം പൂർത്തിയായി. ഏപ്രിൽ 10ന് വിധി പറയും. ഏഴാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസ് പരിഗണിക്കുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ ആശ്രയിച്ച പ്രോസിക്യൂഷന് 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി ടി.വി ദൃശ്യങ്ങളടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി എന്നിവയും 222 രേഖകളും ഹാജരാക്കി.
2022 ഫെബ്രുവരി ആറിന് രാവിലെ 11.50ന് തമിഴ്നാട് കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന് അലങ്കാര ചെടികടയില്വെച്ച് വിനീതയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന് സ്വർണമാല കവരാനായിരുന്നു കൊലപാതകം. ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാനാണ് രാജേന്ദ്രന് കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. സമാനരീതിയില്‍ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വർണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ രാജേന്ദ്ര പേരൂര്‍ക്കടയിലെ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയത്.
സമ്പൂർണ കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ദിവസം ചെടികള്‍ നനക്കാനാണ് ഫെബ്രുവരി ആറിന് സുനിത കടയിലെത്തിയത്. ചെടി വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന് ചെടികള്‍ കാണിച്ചുകൊടുത്ത വിനീതയെ പിന്നിൽനിന്ന് പിടിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലെ കാവല്‍കിണറിന് സമീപത്തെ ലോഡ്ജിൽ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഫെബ്രുവരി 11ന് പേരുർക്കട സി.ഐ വി. സജികുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പ്രതി പണയംവെച്ചിരുന്ന വിനീതയുടെ സ്വർണമാല കണ്ടെടുത്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്, ദേവിക മധു, ഫസ്ന ജെ, ചിത്ര ഒ.എസ് എന്നിവർ ഹാജരായി.