കൊച്ചി: മാനേജർ വിപിൻ കുമാറിനെ താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ, അദ്ദേഹത്തിന്റെ കണ്ണട ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണെന്നും നടൻ ഉണ്ണി മുകുന്ദൻ. ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സി.സി.ടി.വി കാമറയുള്ള ഭാഗത്താണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട്ടെ തന്റെ ഫ്ലാറ്റിൽവെച്ച് നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഫഷനൽ മാനേജർ വിപിൻ കുമാറിന്റെ പരാതി. സംഭവത്തിൽ ഇൻഫോ പാർക്ക് പൊലീസ് നടനെതിരെ കേസെടുത്തിട്ടുണ്ട്. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് മർദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ് വിപിൻ കുമാറിന്റെ പരാതിയിൽ പറയുന്നത്. തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവം നടക്കുമ്പോൾ ‘മേപ്പടിയാൻ’ സംവിധായകനും സുഹൃത്തുമായ വിഷ്ണു ഉണ്ണിത്താൻ കൂടെ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
‘ഇത്രയും നാൾ കൂടെ കൊണ്ടുനടന്നിരുന്നൊരാൾ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ? എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു. അതിനുവേണ്ടിയാണ് വിപിനെ നേരിട്ടു കാണാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങിൽ വച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിൻ ഇറങ്ങി വന്നത്. കണ്ണട ഊരി സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്കായില്ല. കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാൽ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്തിട്ടില്ല. സിസിടിവി കാമറയുള്ള ഒരു ഭാഗത്താണ് ഇതെല്ലാം നടക്കുന്നത്. വിഷ്ണുവിന്റെ മുന്നിൽ വെച്ച് വിപിൻ സോറി പറഞ്ഞു. ഇതുമതി, പ്രശ്നം അവിടെ തീർന്നെന്ന് ഞാൻ വിപിനോടു പറഞ്ഞു’ -ഉണ്ണി മുകുന്ദൻ പറഞ്ഞു.
‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് മർദിച്ചുവെന്ന് വിപിൻ പറഞ്ഞത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.