തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ നിയമസഭയിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്ത സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി വിഷ്ണുനാഥ് ആരോപിച്ചു.
വിപണി ഇടപെടൽ നടത്താതെ ജനങ്ങൾക്കുമേൽ ഇരട്ടി ദുരിതം അടിച്ചേൽപ്പിക്കുകയാണ്. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല. സപ്ലൈകോയെ സർക്കാർ ദയാവധത്തിന് വിട്ടിരിക്കുകയാണ്. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
വിലക്കയറ്റം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തള്ളിയ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ, പൊതുവിതരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് പറഞ്ഞു. വിലക്കയറ്റം രാജ്യവ്യാപകമാണ്. സംസ്ഥാനത്ത് വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക പ്രതിപക്ഷത്തിന് കാണിച്ചു തരാൻ സാധിക്കുമോ എന്ന് മന്ത്രി ചോദിച്ചു.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ തക്കാളി ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലക്കാണ് കേരളത്തിൽ സപ്ലൈകോ വഴി വിൽക്കുന്നത്. സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് മന്ത്രി ചോദിച്ചു. 2016 മുതൽ 12000 കോടിയോളം രൂപയാണ് പൊതുവിപണിയിൽ ഇടപെടാനും സബ്സിഡിക്കുമായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.