കോഴിക്കോട്: വിഷു സദ്യയൊരുക്കാനും ഈസ്റ്റർ വിഭവങ്ങൾ തയ്യാറാക്കാനും വിലക്കുറവിന്റെ സപ്ലൈകോ ചന്തകൾ പ്രവർത്തനമാരംഭിച്ചു. പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്ന ചന്തകളിൽ ആദ്യദിനം തന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
വടകര, കൊടുവള്ളി, കൊയിലാണ്ടി, കോഴിക്കോട് താലൂക്ക് കേന്ദ്രങ്ങളിലാണ് ചന്തകൾ. വടകര സൂപ്പർ മാർക്കറ്റ്, താമരശേരി സൂപ്പർ മാർക്കറ്റ്, കൊയിലാണ്ടി സൂപ്പർ മാർക്കറ്റ്, കോവൂർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് ചന്തകൾ പ്രവർത്തിക്കുന്നത്.
13 ഇന സബ്‌സിഡി സാധനങ്ങളാണ് സപ്ലൈകോയുടെ ചന്തകളിൽ ലഭ്യമാവുക. ചെറുപയർ ഒരു കിലോ (90 രൂപ), ഉഴുന്ന് ഒരു കിലോ (95), വൻകടല ഒരു കിലോ (69), വൻപയർ ഒരു കിലോ (79), തുവരപരിപ്പ് ഒരു കിലോ (115), മുളക് 500 ഗ്രാം (65), മല്ലി 500 ഗ്രാം (39), പഞ്ചസാര ഒരു കിലോ (33), വെളിച്ചെണ്ണ അരലിറ്റർ (75), ജയ അരി ഒരു കിലോ (33), കുറുവ അരി ഒരു കിലോ (33), മട്ട അരി ഒരു കിലോ (33), പച്ചരി ഒരു കിലോ (29) എന്നിങ്ങനെയാണ് സബ്‌സിഡി സാധനങ്ങളുടെ വില. ഒരു കാർഡുടമയ്‌ക്ക് പത്ത് കിലോ അരി വീതം ലഭിക്കും.
രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് ചന്തകൾ പ്രവർത്തിക്കുക. 19ന് സമാപിക്കും.
കോവൂർ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച വിഷു, ഈസ്റ്റർ ചന്ത അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കൗൺസിലർ ഇ എം സോമൻ അധ്യക്ഷനായി. ഡിപ്പോ മാനേജർ എ എം സജിത, ഔട്ട്‌ലെറ്റ് മാനേജർ ഒ കെ അരുൺകുമാർ എന്നിവർ സംസാരിച്ചു.
കൺസ്യൂമർഫെഡ് ചന്ത ഉദ്‌ഘാടനം ഇന്ന്
കോഴിക്കോട്
കൺസ്യൂമർഫെഡ് വിഷു–-ഈസ്റ്റർ സഹകരണ വിപണിക്ക് വെള്ളിയാഴ്‌ച തുടക്കമാകും. ജില്ലാ ഉദ്‌ഘാടനം വൈകിട്ട് നാലിന് കൺസ്യൂമർഫെഡ് ഡയറക്ടർ എം മെഹബൂബ് നിർവഹിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഷീജ ആദ്യവിൽപ്പന നടത്തും. വിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായാണ് കൺസ്യൂമർഫെഡ് വിഷു–-ഈസ്റ്റർ ചന്തകൾക്ക് തുടക്കമിടുന്നത്. ശനിയാഴ്‌ചമുതൽ 22 വരെ പൊതുജനങ്ങൾക്ക് കൺസ്യൂമർഫെഡ് ചന്തകളിലെത്തി അവശ്യസാധനങ്ങൾ സ്വന്തമാക്കാം. ജില്ലയിലെ 15 ത്രിവേണി സൂപ്പർ മാർക്കറ്റുകളോടനുബന്ധിച്ചാണ് ചന്തകൾ പ്രവർത്തിക്കുക. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 40 ശതമാനംവരെ വിലക്കുറവിലാണ് ലഭിക്കുക. സഹകരണ സംഘങ്ങൾ കേരകർഷകരിൽനിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉൽപ്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും വാങ്ങാം. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങി വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭ്യമാകും. സബ്‌സിഡിയിതര ഇനങ്ങൾ 10 മുതൽ 35 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാകും. ത്രിവേണി ബ്രാൻഡിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയ്‌ക്കും ബിരിയാണി അരി, വെല്ലം, ഡാൽഡ, സേമിയ എന്നിവയ്ക്കും പ്രത്യേക വിലക്കുറവുണ്ടാകും. നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജൻസി മുഖേന പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് എത്തിച്ചിരിക്കുന്നതെന്ന് കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി കെ അനിൽകുമാർ പറഞ്ഞു. ത്രിവേണികളിലൂടെ ദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുക. മുതലക്കുളത്തെ ജില്ലാ വിപണന കേന്ദ്രത്തിൽ ദിവസം 150 പേർക്ക് സാധനങ്ങൾ ലഭിക്കും. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും.
ചന്തകൾ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർ മാർക്കറ്റുകൾ
താമരശേരി, ബാലുശേരി, ചക്കിട്ടപ്പാറ, കൊയിലാണ്ടി, വടകര, മേപ്പയിൽ റോഡ്, കക്കട്ടിൽ, നാദാപുരം, നടക്കാവ്, പാറോപ്പടി, ഈസ്റ്റ്ഹിൽ, മുതലക്കുളം, പേരാമ്പ്ര, ഒഞ്ചിയം.