വടകര: വില്യാപ്പള്ളിയിലെ കടകളിൽ പേ.ടി.എം തകരാർ പരിഹരിക്കാനെന്ന രൂപേണ വ്യാപാരികളുടെ അക്കൗണ്ടിൽനിന്നും പണം തട്ടിയ യുവാവ് അറസ്റ്റിൽ. വൈക്കിലശേരി ഫവാസ് കോട്ടേജിലെ താമസക്കാരനായ കതിരൂർ സ്വദേശി പിലാക്കണ്ടി മുഹമ്മദ് റാഷിദാണ് (36) പൊലീസിന്റെ പിടിയിലായത്.
വില്യാപ്പള്ളി കൊളത്തൂർ റോഡിലെ വട്ടപ്പൊയിൽ അമ്മദിന്റെ ഉടമസ്ഥതയിലുള്ള ഹിലാൽ കാറ്ററിങ് സ്ഥാപനത്തിലെത്തിയ ഇയാൾ ഉടമയെ കബളിപ്പിച്ച് 68,000 രൂപ തട്ടിയെടുക്കുകയായിരുന്നു. അക്കൗണ്ടിൽനിന്നു പണം നഷ്ടമായതോടെ സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് വടകര പൊലീസിൽ പരാതി നൽകി. വില്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങളിലെ മൂന്നോളം കടക്കാരും വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പേ.ടി.എം സെറ്റ് ചെയ്തു നൽകുന്ന സ്ഥാപനത്തിലെ ടെക്നിക്കൽ ജീവനക്കാരനായിരുന്നു റാഷിദ്. സാമ്പത്തിക തിരിമറികൾ നടത്തിയത് കണ്ടെത്തിയതോടെ ഇയാളെ സ്ഥാപനം ജോലിയിൽനിന്ന് ഒഴിവാക്കി.
കമ്പനി ജീവനക്കാരനായിരുന്ന സമയത്ത് ബന്ധമുണ്ടായിരുന്ന സ്ഥാപനങ്ങളിൽ വീണ്ടുമെത്തി ഇയാൾ പേ.ടി.എം തകരാർ പരിഹരിക്കാനുണ്ടെന്നും ആധാറുമായി ലിങ്ക് ചെയ്യാനുണ്ടെന്നും പറഞ്ഞ് പണം തട്ടുകയായിരുന്നു. വിവിധ കടകളിൽനിന്നായി മൂന്നു ലക്ഷത്തോളം രൂപയാണ് റാഷിദ് തന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. വയോധികരും സാങ്കേതിക പരിജ്ഞാനമില്ലാത്തതുമായ ആളുകളുടെ കടകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.