വിഴിഞ്ഞം ഇനി ഇന്റർനാഷണലാകും; തുറമുഖത്ത് കണ്ടെയ്നർ ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും

news image
Mar 10, 2025, 3:58 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായതിന് പിന്നാലെ, രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും. കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്‍റെയും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍, ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്റ്റര്‍ വിസ്തൃതിയിലുള്ള ഭൂമി എറ്റടുക്കല്‍ 7.20 Mm3  അളവില്‍ ഡ്രഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ് സംസ്ഥാന സർക്കാരിന് ലഭിച്ചു.

 

ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്‍റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍ സാധിക്കും. 2028-ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്‍റെ അവസാനഘട്ട വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe