വിഴിഞ്ഞം സ്വദേശിയായ 6ാം ക്ലാസുകാരന്‍ നാഗര്‍കോവിലില്‍ കുളത്തില്‍ മരിച്ചത് കൊലപാതകം, സുഹൃത്ത് അറസ്റ്റില്‍

news image
May 5, 2023, 4:04 am GMT+0000 payyolionline.in

തിരുവനന്തപുരം: ഒരു വർഷം മുൻപ് നാഗർകോവിൽ തിട്ടുവിള കുളത്തിൽ വിഴിഞ്ഞം സ്വദേശിയായ ആറാം ക്ലാസ്സുകാരൻ മരിച്ച സംഭവം കൊലപാതകം. സംഭവത്തില്‍ സുഹൃത്തായ 14 കാരനെ തമിഴ്നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തു. 2022 മെയ് 8നാണ് നാഗർകോവിൽ ഇറച്ചകുളത്തെ ബന്ധുവീട്ടിൽ എത്തിയ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ആശുപത്രി റോഡിൽ മുഹമ്മദ് നസീം സുജിത ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദ്(12) സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തമിഴ്നാട് ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെ മാതാപിതാക്കൾ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അന്വേഷണം സി.ബി.സി.ഐ.ഡി യ്ക്ക് കൈമാറിയത്. ആറ് മാസത്തെ അന്വേഷണത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം 14  കാരനെ സി.ബി.സി.ഐ.ഡി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. നിലവിൽ മരണവിവരം മറച്ചുവയ്‌ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ 14കാരനെതിരെ ചുമത്തിയിട്ടുണ്ട്.

 

കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാനാണോ വിജനമായ പ്രദേശത്ത് എത്തിച്ചതെന്നതടക്കമുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായില്ല. സംഭവ ദിവസം കൊല്ലപ്പെട്ട ആദിൽ മുഹമ്മദ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ടീഷർട്ട് ധരിച്ചിരുന്നു. എന്നാൽ മൃതദേഹത്തിൽ ടീ ഷർട്ട് ഇല്ലായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദിൽ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് 14 കാരനെ പിടികൂടിയത്. സി.ബി.സി.ഐ.ഡി.ഡി.എസ്.പി ശങ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ കുട്ടിയെ തിരുനെൽവേലി ജുവനൈൽ ഹോമിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe