വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ ഗുജറാത്തില്‍നിന്ന് യാത്ര തിരിച്ചു

news image
Oct 6, 2023, 1:00 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ചൈനീസ് കപ്പലായ ഷെന്‍ ഹുവാ -15 ആണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും ഇന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്. ഒക്ടോബര്‍ 11ഓടെ കപ്പല്‍ കേരള തീരത്ത് എത്തും. തുടര്‍ന്ന് ഒക്ടോബര്‍ 14ഓടെ വിഴിഞ്ഞം പുറംകടലില്‍ കപ്പലെത്തുന്നവിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ കപ്പൽ, 29നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്. മുന്ദ്രയിലേക്കുള്ള ക്രെയ്നുകൾ ഇറക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായതോടെയാണ് കപ്പല്‍ വിഴിഞ്ഞത്തേക്കുള്ള യാത്ര തുടങ്ങിയത്. ചൈനയില്‍നിന്നും ക്രെയിനുകളുമായാണ് ഷെന്‍ഹുവാ -15 എത്തുന്നത്. ഈ ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ടഗ്ഗുകളും കഴിഞ്ഞദിവസം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയിരുന്നു.

അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍-27, ഡോള്‍ഫിന്‍-37 എന്നീ ടഗ്ഗുകള്‍ കഴിഞ്ഞദിവസങ്ങളിലായി മാരിടൈം ബോര്‍ഡിന്‍റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് അടുപ്പിച്ചിരുന്നു. ചരക്ക് കപ്പലുകളെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ നാല് ടഗ്ഗുകളാണ് വിഴിഞ്ഞത്ത് എത്തിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഓഷ്യന്‍ സ്പിരിറ്റ് എന്ന ടഗ്ഗിനെ എത്തിച്ചിരുന്നു. നാലാമത്തെ ടഗ്ഗ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തിക്കും. ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് നിന്നാണ് ഡോള്‍ഫിന്‍ ടഗ്ഗുകള്‍ എത്തിച്ചത്.

വിഴിഞ്ഞത്ത് സ്ഥാപിക്കാനുള്ള മൂന്നു ക്രെയിനുകളാണ് ഷെന്‍ ഹുവാ -15 കപ്പലിലുള്ളത്. ഇതിനാല്‍ തന്നെ ക്രെയിനുകള്‍ ഇറക്കാനും സ്ഥാപിക്കാനുള്ള വിദഗ്ധ സംഘവും ഉടന്‍ വിഴിഞ്ഞത്ത് എത്തും. 15ന് വൈകിട്ട് നാലുമണിക്കാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വീകരണച്ചടങ്ങിൽ പങ്കെടുക്കും. ഷാങ് ഹായ്,  വിയറ്റ്നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ടൈക്കൂണ്‍ കാരണം യാത്രയിലുണ്ടായ വേഗത കുറവാണ് കപ്പലിന്റെ തീയതി മാറാന്‍ കാരണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe