തിരുവനന്തപുരം: അന്താരാഷ്‌ട്ര തുറമുഖ നിർമാണത്തിനുള്ള ക്രെയിനുകളുമായി മൂന്നാമത്തെ കപ്പലായ ഷെൻഹുവ 24 വിഴിഞ്ഞത്ത് എത്തി. ആറ് യാർഡ് ക്രെയിനുമായി തിങ്കൾ പകൽ പന്ത്രണ്ടോടെയാണ് ബെർത്തിൽ കപ്പൽ അടുപ്പിച്ചത്. കാലാവസ്ഥ അനുകൂലമായാൽ ക്രെയിനുകൾ ഇന്ന് ഇറക്കുമെന്ന് അധികൃതർ അറിയിച്ചു. കപ്പലിനുള്ള എമിഗ്രേഷൻ അനുമതി നേരത്തേ ലഭിച്ചിരുന്നു. ഞായറാഴ്‌ചയാണ് കപ്പൽ പുറംകടലിൽ എത്തിയത്. നവംബർ 10നാണ് ഷാങ്ഹായിയിൽനിന്ന് കപ്പൽ പുറപ്പെട്ടത്.
രണ്ട് ഷിപ് ടു ഷോർ ക്രെയിനും മൂന്ന് യാർഡ് ക്രെയിനുമായി ഡിസംബർ 15 ന് നാലാം കപ്പൽ വിഴിഞ്ഞത്ത് എത്തും. ആദ്യ കപ്പലിൽ ഒരു ഷിപ് ടു ഷോർ ക്രെയിനും രണ്ട് യാർഡ് ക്രെയിനുമാണ് എത്തിച്ചത്. രണ്ടാംകപ്പലിൽ ഒരു ഷിപ് ടു ഷോർ ക്രെയിനും എത്തിച്ചു. 2024 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട തുറമുഖത്തിന്റെ ആദ്യഘട്ടത്തിന് ആകെ 32 ക്രെയിനാണ് ആവശ്യം.