വിഷു: ട്രെയിൻ ടിക്കറ്റില്ല; തെക്കൻ കേരളത്തിലേക്കുള്ള യാത്ര വെയ്റ്റ് ലിസ്റ്റിൽ

news image
Apr 2, 2025, 11:46 am GMT+0000 payyolionline.in

ചെന്നൈ : നാട്ടിലെത്തി വിഷുക്കണി കാണാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിനു മലയാളികൾ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിൽ. തെക്കൻ കേരളത്തിലേക്കും മലബാറിലേക്കുമുള്ള ട്രെയിനുകളിൽ വിഷുവിനോട് അനുബന്ധിച്ച് ഏറ്റവും തിരക്കുള്ള 11,12 തീയതികളിൽ 3,563 പേരാണ് സ്ലീപ്പർ അടക്കമുള്ള കോച്ചുകളിൽ വെയ്റ്റ് ലിസ്റ്റിൽ കാത്തിരിക്കുന്നത്. മലബാറിനെ അപേക്ഷിച്ച് തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളിലാണു കൂടുതൽ പേർ വെയ്റ്റ് ലിസ്റ്റിലുള്ളത്. ഐആർസിടിസി വെബ്സൈറ്റിലെ നിലവിലെ കണക്കുകൾ പ്രകാരം ഇരു ഭാഗങ്ങളിലേക്കും 2 വീതം സ്പെഷൽ ട്രെയിൻ അനുവദിച്ചാൽ തന്നെ എല്ലാവർക്കും നാട്ടിലെത്താം. അധികമായി അനുവദിച്ചാൽ കൂടുതൽ പേർക്കു ബുക്കിങ്ങിന് അവസരം ലഭിക്കും. എന്നാൽ ഇതിനെല്ലാം റെയിൽവേ കനിയണമെന്നു മാത്രം. ഈ കണക്കുകൾ കണ്ടെങ്കിലും റെയിൽവേ കണ്ണു തുറക്കുമോ?

ഇത്തവണയെങ്കിലും നടപടിയാകുമോ?

വിഷുവിനു നാട്ടിലെത്താൻ 11, 12 തീയതികളിലാണ് കൂടുതൽ തിരക്ക്. വിഷു ദിനമായ 14 തിങ്കൾ ആയതിനാലാണ് കൂടുതൽ പേരും 11നു നാട്ടിലേക്കു പോകാൻ തയാറെടുക്കുന്നത്. തെക്കൻ കേരളത്തിലേക്കാണു വലിയ തിരക്ക്. ദിവസേനയുള്ള തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ആലപ്പി എക്സ്പ്രസ്, കൊല്ലം എക്സ്പ്രസ് എന്നീ ട്രെയിനുകളിലായി ആകെ 2,220 ടിക്കറ്റുകളാണ് നിലവിൽ വെയ്റ്റ് ലിസ്റ്റിൽ. സ്ലീപ്പറിൽ മാത്രം ആയിരത്തിനു മുകളിൽ. ഇതിൽ വൈകിട്ട് 7.30നു പുറപ്പെടുന്ന മെയിലിലാണ് കൂടുതൽ ബുക്കിങ് ഉള്ളത്.

മലബാറിലേക്ക് മംഗളൂരു സൂപ്പർഫാസ്റ്റ്, മെയിൽ, വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളിലായി 1,343 പേരാണ് വെയ്റ്റ് ലിസ്റ്റിൽ. രാത്രി 8.10നുള്ള മെയിലിലാണ് കൂടുതൽ പേർ ബുക്ക് ചെയ്തത്. വിഷു അവധിക്ക് നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവരാണ് ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളത്. കൺഫേം ടിക്കറ്റ് റദ്ദാകാനുള്ള സാധ്യത വിരളമാണ്. അതിനാൽ, നിലവിൽ വെയ്റ്റ് ലിസ്റ്റിലുള്ളവർക്ക് ടിക്കറ്റ് ആർഎസി പോലും ആകാൻ സാധ്യത കുറവാണ്.

അവസാന നിമിഷം വരെ വൈകിപ്പിക്കണോ?

മുൻകാല അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേയോട് മലയാളികൾ കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. തെക്കൻ കേരളത്തിലേക്കും മലബാറിലേക്കെങ്കിലും 2 വീതം ട്രെയിനെങ്കിലും വേണമെന്നേ ആവശ്യപ്പെടുന്നുള്ളൂ. കഴിഞ്ഞ തവണ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം, യാത്ര പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപു മാത്രമാണ് പ്രഖ്യാപിച്ചത്. പലരും അറിയുമ്പോഴേക്കും ടിക്കറ്റുകൾ കാലിയായി. എന്നാൽ ഇത്തവണ നേരത്തെ പ്രഖ്യാപിക്കണമെന്നും ബുക്കിങ് വിവരം മുൻകൂട്ടി അറിയാൻ സാധിക്കണമെന്നും യാത്രക്കാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe