തിരുവനന്തപുരം: വിഷു പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ സെൻട്രൽ-മംഗലാപുരം, ചെന്നൈ എഗ്മോർ-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം നോർത്ത് എന്നീ റൂട്ടുകളിലാണ് സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിരിക്കുന്നത്.
ചെന്നൈ – മംഗലാപുരം സർവീസുകൾ:
ചെന്നൈ സെൻട്രൽ – മംഗലാപുരം സ്പെഷ്യൽ (06127) ഇന്ന് രാത്രി 11.55-ന് പുറപ്പെട്ട് നാളെ (ഏപ്രിൽ 9) വൈകുന്നേരം 4 മണിക്ക് മംഗലാപുരത്തെത്തും. ഇതിന്റെ മടക്ക ട്രെയിൻ (06128) നാളെ രാത്രി 8 മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് ഏപ്രിൽ 10-ന് ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിലെത്തും. തുടർന്ന് ഏപ്രിൽ 10-ന് ഉച്ചയ്ക്ക് 2.30-ന് ചെന്നൈ എഗ്മോറിൽ നിന്ന് മംഗലാപുരത്തേക്ക് വീണ്ടും സ്പെഷ്യൽ ട്രെയിൻ (06153) സർവീസ് നടത്തും. ഏപ്രിൽ 11-ന് രാവിലെ 6.55-ന് ഇത് മംഗലാപുരത്തെത്തും. വിഷുദിനമായ ഏപ്രിൽ 15-ന് വൈകുന്നേരം 4 മണിക്ക് ഈ ട്രെയിൻ (06154) മംഗലാപുരത്ത് നിന്ന് തിരിച്ച് അടുത്ത ദിവസം രാവിലെ 10.45-ന് ചെന്നൈ എഗ്മോറിലെത്തും.
പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുകളുള്ളത്.
മംഗലാപുരം – തിരുവനന്തപുരം സർവീസ്:
മംഗലാപുരം – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06041) ഏപ്രിൽ 11-ന് വൈകുന്നേരം 6 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30-ന് തിരുവനന്തപുരത്തെത്തും. കോട്ടയം വഴിയാണ് ഈ സർവീസ്. മടക്ക ട്രെയിൻ (06042) ഏപ്രിൽ 12-ന് രാവിലെ 8.30-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് രാത്രി 8.45-ന് മംഗലാപുരത്തെത്തും.
കാസർഗോഡ് മുതൽ കൊല്ലം വരെയുള്ള പ്രധാന സ്റ്റേഷനുകളിലും ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ തുടങ്ങിയിടങ്ങളിലും ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന മലയാളി യാത്രക്കാർക്ക് ഈ അധിക സർവീസുകൾ വലിയ ആശ്വാസമാകും.
