ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന്റെ ഹരജിയിൽ സംസ്ഥാന സർക്കാറിന് നോട്ടീസയച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. വിചാരണക്കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചതിനെതിരെയാണ് കിരൺകുമാർ സുപ്രീംകോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും ഹരജിയിൽ പറയുന്നു. മാധ്യമവിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്. വിചാരണക്കോടതി വിധി ഏകപക്ഷീയമാണ്. തന്നെ മരണവുമായി നേരിട്ട് ബന്ധിപ്പിക്കാൻ തെളിവോ രേഖകളോ ഇല്ല. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും മതിയായ തെളിവില്ലെന്നും ഹരജിയിൽ പറയുന്നു. തെറ്റായ വിചാരണയുടെ അടിസ്ഥാനത്തിൽ തന്നെ 10 വർഷത്തേക്ക് ശിക്ഷിച്ചു. ഇതിനകം നാലുവർഷം ശിക്ഷ അനുഭവിച്ചുവെന്നും കിരൺ കുമാർ പറയുന്നു.
വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനം വൈകുന്നതോടെയാണ് പ്രതി സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഹരജിയിൽ സംസ്ഥാന സർക്കാർ മറുപടി നൽകിയേക്കും. 2021 ജൂണിലാണ് ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. തുടർന്ന്, വിസ്മയയെ ഭർത്താവ് കിരൺ കുമാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി ദ്രോഹിച്ചിരുന്നെന്ന് വെളിപ്പെടുത്തി ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിക്കും പുറമെ, 10 ലക്ഷം വിലയുള്ള കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.
ഭർതൃപീഡനം സംബന്ധിച്ച് വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും കാര്യമായെടുത്തില്ല. തുടർന്ന് പീഡനം സഹിക്കവയ്യാതെ വിസ്മയ കിരണിന്റെ വീട്ടിൽ തൂങ്ങിമരിച്ചുവെന്നാണ് കേസ്. കേസിൽ 10 വർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് പ്രതി കിരൺ കുമാറിന് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.