വിയറ്റ്നാം വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നു. രണ്ട് മോഡലുകളുമായാണ് ഇന്ത്യൻ വിപണിയിലേക്ക് കമ്പനി ചുവടുവെയ്ക്കുന്നത്. VF6, VF7 എന്നീ രണ്ട് മോഡലുകളാണ് കമ്പനി ഇലക്ട്രിക് മിഡ്സൈസ് എസ്യുവി സെഗ്മെൻ്റിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. VF6 എർത്ത് എന്ന മോഡലിൻ്റെ വില വരുന്നത് 16 ലക്ഷം രൂപയാണ്.
എർത്ത്,വിൻഡ്,വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് VF6നുള്ളത്. 16 ലക്ഷം രൂപ മുതൽ18.29 ലക്ഷം രൂപ വരെയാണ് ഇവയുടെ എക്സ് ഷോറൂം വില വരുന്നത്.VF7-ൻ്റെ വിലകൾ ആരംഭിക്കുന്നത് 20.89 ലക്ഷം രൂപ മുതലാണ്. അഞ്ച് വേരിയൻ്റുകളിലാണ് VF7 എത്തുന്നത്. 2025ലെ ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിലായിരുന്നു VF6, VF7 എന്നീ രണ്ട് ഇവികളെ കമ്പനി അവതരിപ്പിച്ചത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര BE6 എന്നീ വാഹനങ്ങളുമായി വിപണിയിൽ ഏറ്റുമുട്ടുന്നതിനായാണ് വിൻഫാസ്റ്റിന്റെ വാഹനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്.