വീട്ടമ്മയെ വ്യാജ സന്ദേശം നിര്‍മ്മിച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

news image
Jan 6, 2023, 4:25 am GMT+0000 payyolionline.in

തിരുവനന്തപുരം: പൂവാറിൽ വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച മുന്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിൽ കൂട്ടു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പൂവാറിൽ മദ്രസ അധ്യാപകനായിരുന്ന വിഴിഞ്ഞം ടൗൺഷിപ്പിൽ മുഹമ്മദ് ഷാഫി (24) ആണ് അറസ്റ്റിലായത്. പൂവാർ സ്വദേശിനിയായ വീട്ടമ്മയെ അപമാനിക്കുന്ന തരത്തിൽ മറ്റൊരു സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് വ്യാജ ശബ്ദ സന്ദേശം നിർമ്മിക്കുകയും ഫോണിലെ കാൾ ഹിസ്റ്ററിയിൽ വീട്ടമ്മയുടെ ഫോൺ നമ്പരും പേരും എഡിറ്റ് ചെയ്ത് വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിക്കുകയും ചെയ്തതിനാണ് മുഹമ്മദ് ഷാഫി പിടിയിലായത്.

 

മദ്രാസിലെ അദ്ധ്യാപകനായിരുന്ന ഇയാൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി മദ്രസാ ക്ലാസിൽ വരാത്തതിനെക്കുറിച്ച് കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മയെ ഇയാള്‍ മെസേജ് അയച്ച് നിരന്തരം ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. മദ്രസാ അധ്യാപകന്‍റെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് സഹിക്കെട്ട വീട്ടമ്മ ഇത് സംബന്ധിച്ച് ജമാഅത്തിൽ പരാതി നൽകി. പരാതിയെ കുറിച്ച് അന്വേഷിച്ച ജമാഅത്ത്  അധ്യാപകനെ മദ്രസയിൽ നിന്ന് പിരിച്ച് വിട്ടു. ഇതിന് പ്രതികാരമെന്ന നിലയില്‍ മുഹമ്മദ് ഷാഫി തന്‍റെ സുഹൃത്തായ ഒരു സ്ത്രീയെ കൊണ്ട് പരാതിക്കാരിയായ വീട്ടമ്മ വിളിക്കുന്ന തരത്തിൽ ആൾമാറാട്ടം നടത്തി ഫോണ്‍ വിളിച്ച് ജമാ അത്ത് ഭാരവാഹികളെയും പരാതിക്കാരിയായ വീട്ടമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള സംസാരം റിക്കാർഡ് ചെയ്തു. തുടര്‍ന്ന് ഇൻകമിംഗ് കാൾ ലിസ്റ്റില്‍ വിളിപ്പിച്ച സ്ത്രീയുടെ പേരും നമ്പരും മാറ്റി പരാതിക്കാരിയുടെ പേരും നമ്പറും ശബ്ദ സന്ദേശവും ഉൾപ്പെടുത്തിയ ശേഷം ഇതിന്‍റെ സ്ക്രീൻ ഷോട്ടുകള്‍ എഡിറ്റ് ചെയ്ത് സമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ഇതോടെ വിശ്വാസികൾ രണ്ട് ചേരിയിലായി തിരിഞ്ഞതോടെ ജമാഅത്തില്‍ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതേ തുടര്‍ന്ന് വീട്ടമ്മ പരാതി നല്‍കി. ഈ പരാതിയിന്‍ മേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രചരിപ്പിക്കപ്പെട്ട ശബ്ദസന്ദേശം മറ്റൊരു സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് വ്യാജമായി നിർമ്മിച്ചതാണെന്നും പ്രചരിപ്പിച്ച സ്ക്രീൻ ഷോട്ടുകളെല്ലാം എഡിറ്റ് ചെയ്തതാണെന്നും പൊലീസ് കണ്ടെത്തിയത്. തുടർന്ന് പൂവാർ സിഐ എസ് ബി  പ്രവീണിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എ എസ് ഐ ഷാജി കുമാർ,  പൊലീസ് ഉദ്യോഗസ്ഥരായ പ്രഭാകരൻ, അനിത, ശശി നാരായൺ, അരുൺ എന്നിവർ ചേർന്ന് മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ സഹായിച്ചവരെയും സാമൂഹിക മാധ്യമങ്ങളില്‍ അപമാനകരമായ രീതിയില്‍ പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe