കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പിടികൂടി

news image
Feb 7, 2026, 2:00 pm GMT+0000 payyolionline.in

കുറ്റ്യാടി: വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് റെയ്ഡിൽ പിടികൂടി. പുത്തൻപുരയിൽ സുബൈറിന്റെ വീട് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങളിലും ബാഗിലും പൊതിഞ്ഞ നിലയിൽ 16 കഞ്ചാവ് കെട്ടുകൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വീട് തുറന്ന ശേഷമാണ് പരിശോധന നടത്തിയത്.

മുണ്ട്, നൈറ്റി, ബാഗ് എന്നിവയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനിടയിലും മറ്റുമാണ് കഞ്ചാവ് കെട്ടുകൾ സൂക്ഷിച്ചിരുന്നത്. 50 കിലോയോളം കഞ്ചാവ്കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി എസ്.ഐ പി. ഷമീന്റെ നേതൃത്വത്തിൽ കുറ്റ്യാടി പൊലീസും ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലുള്ള സ്പെഷൽ സ്ക്വാഡും സ്ഥലത്തെത്തിയത്.

സംസ്ഥാനത്തിന് പുറത്തുനിന്ന് കടത്തിയതാവാനാണ് സാധ്യതയെന്നും പറഞ്ഞു. കഞ്ചാവ് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചക്കുശേഷം ആരംഭിച്ച റെയ്ഡ് നടപടികൾ വൈകീട്ടുവരെ തുടർന്നു. എസ്.ഐ ഗോകുൽഹരി, എ.എസ്.ഐമാരായ കെ. ഷാജു, സീമ, സിവിൽ പൊലീസ് ഓഫിസർമാരായ ടി.പി. ദിലീഷ്, കെ.ഇ. അരുൺ, ബിജു തുടങ്ങിയവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe