വടകര: വടകര പൊലീസ് നടത്തിയ പരിശോധനയിൽ മേപ്പയിലെ വീട്ടിൽ നിന്നും നാലു കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മേപ്പയിൽ കല്ലുനിര പറമ്പത്ത് പ്രദീപൻ (33), ഒഡീഷ സ്വദേശി അജിത്ത്പാണി(27) എന്നിവരെയാണ് വടകര പൊലീസ് കഞ്ചാവ് സഹിതം പിടികൂടിയത്. പ്രദീപന്റെ ഭാര്യാ സഹോദരനാണ് ഒഡീഷ സ്വദേശി അജിത്ത്പാണി. ഇയാൾ ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് പരിശോധന നടത്തിയതും കഞ്ചാവ് പിടികൂടിയതും.
പൊലീസ് പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിൽ റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെടുത്തത്. ഭദ്രമായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. പ്രദീപൻ നേരത്തേയും ലഹരി കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
വടകര എസ്‌ഐ എം കെ രഞ്ജിത്ത്, എഎസ്‌ഐമാരായ ഷിജുകുമാർ, രാജേഷ്, സിപിഒമാരായ സജീവൻ, റോഷ്ന തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.