വീട്ടിൽ നിന്നും ഇരുവരെയും കാണാതായത് ഇന്നലെ, 14കാരൻ കുളത്തിൽ മരിച്ച നിലയിൽ, ഇരട്ടസഹോദരനായി തെരച്ചിൽ തുടരുന്നു

news image
Nov 2, 2025, 5:08 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 14കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മകൻ ലക്ഷ്മണൻ ആണ് മരിച്ചത്. കുട്ടിയുടെ ഇരട്ട സഹോദരൻ രാമനെ കാണാനില്ല. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് രാമനും ലക്ഷ്മണനും. ഇരട്ടക്കുട്ടികളായ ഇവരെ ഇന്നലെ വൈകിട്ട് മുതലാണ് വീട്ടിൽ നിന്നും കാണാതായത്. ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു ഇരുവർക്കും. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്. ചിറ്റൂർ ശിവൻകോവിലിലെ കുളത്തിലാണ് ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മണനെയാണ് കണ്ടെത്തിയ‌ത്. രാമന്റെ വസ്ത്രങ്ങൾ അവിടെ‌ത്തന്നെയുണ്ട്. രാമന് വേണ്ടിയുള്ള തെരച്ചിൽ പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുവർക്കും നീന്തലറിയില്ല. കുളിക്കാനല്ല, മീൻ പിടിക്കാനിറങ്ങിയതായിരിക്കും എന്നാണ് പൊലീസിന്റെ സംശയം. പ്രദേശത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഒരാൾ അപകടത്തിൽപെട്ടപ്പോൾ അടുത്തെയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാം എന്ന അനുമാനവും പുറത്തുവരുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe