വീണ്ടും ഇടിമിന്നലോടെ ശക്തമായ മഴയെത്തുന്നു, ഇന്ന് 2 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലർട്ട്; പുതുക്കിയ മഴ അറിയിപ്പ്

news image
Oct 7, 2025, 9:02 am GMT+0000 payyolionline.in

തിരുവനന്തപുരം: നാളെ മുതൽ ഉച്ചക്ക് ശേഷം ലയോര ഇടനാട് മേഖലയിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 9ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 10ന് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും, 11ന് പാലക്കാട്, മലപ്പുറം എന്നീ ജീല്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മുതൽ ഉച്ചക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിദഗ്ധൻ രാജീവ് എരിക്കുളം പറഞ്ഞു. തീരദേശ മേഖലയിൽ ചെറിയ രീതിയിൽ മഴ ലഭിച്ചേക്കും. കാലവർഷക്കാറ്റ് പൊതുവെ ദുർബലമായ സാഹചര്യത്തിൽ അന്തരീക്ഷതിൽ കാറ്റിന്‍റെ അസ്ഥിരത പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലക്ക് മുകളിൽ വർധിക്കുന്നതിലാണ് ഇടി മിന്നൽ മഴക്ക് കാരണം.

ഒക്ടോബർ പകുതിക്ക് മുന്നേ തന്നെ കാലവർഷ കാറ്റ് പൂർണമായും പിൻവാങ്ങി ഒക്ടോബർ പകുതിക്ക് ശേഷം കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന വിവിധ ഏജൻസികൾ നൽകുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം ) 15°N അക്ഷാംശം വരെ പിന്മാറിയതിന് ശേഷം, താഴ്ന്ന തലത്തിലുള്ള കാറ്റിന്റെ ദിശ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് മാറുമ്പോഴാണ് വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) ആരംഭിക്കുന്നത്. തെക്കുകിഴക്കൻ ഉപദ്വീപിയ ഇന്ത്യയിൽ കിഴക്കൻ കാറ്റ് സാധാരണയായി ഒക്ടോബർ 14 ആണ് ആരംഭിക്കുന്നത്. തീരദേശ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുന്ന സാധാരണ തീയതി ഒക്ടോബർ 20 ആണ്. തുടർന്ന് കേരളത്തിലും വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe