വീണ്ടും ഉപയോക്താക്കളെ വലച്ച് യു.പി.ഐ; പണി മുടക്കുന്നത് 20 ദിവസത്തിനുള്ളിൽ മൂന്നാം തവണ

news image
Apr 12, 2025, 10:56 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യയിലെ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ വലഞ്ഞ് ഉപയോക്താക്കൾ. ഇന്ന് രാവിലെ മുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ കഴിയാതെ, മണിക്കൂറുകളോളമാണ് ഉപയോക്താക്കൾക്ക് പ്രയാസം അനുഭവപ്പെട്ടത്. ഗൂഗ്ൾ പേ, പേ ടി എം, ഫോൺ പേ, എന്നീ ആപ്പുകളിലൂടെയുള്ള പണമിടപാടുകൾ നടക്കുന്നില്ല എന്നാണ് പരാതികൾ.

നിലവിൽ ഭൂരിഭാഗം ജനങ്ങളും പണം കൈമാറ്റം ചെയ്യുന്നതിനായി പ്രധാനമായി ആശ്രയിക്കുന്നത് ഡിജിറ്റൽ പണമിടപാടിനെയാണ്. ഉച്ചയോടെ ഏകദേശം 1168 പരാതികൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തടസ്സത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.

കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് യു.പി.ഐ ഇടപാടുകളിൽ പ്രശ്നങ്ങൾ നേരിടുന്നത്. രാജ്യത്തുടനീളമുള്ള വ്യക്തികളെയും ബിസിനസുകളെയുമെല്ലാം ഇത് ബാധിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾ നേരിടുന്നപ്രശ്നങ്ങളെ സംബന്ധിച്ച് നാഷനൽ പേയ്മെന്‍റ് കോപ്പറേഷൻ (എൻ‌.പി.‌സി.‌ഐ) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

‘എൻ‌.പി‌.സി.ഐ നിലവിൽ ഇടക്കിടെ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നു. ഇത് ഭാഗികമായി യു.പി.ഐ ഇടപാടുകളെ ബാധിക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിങ്ങളെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു’

കഴിഞ്ഞ ഏപ്രിൽ രണ്ടിന് 52ശതമാനം ഉപയോക്താക്കൾക്കും യു.പി.ഐ ആപ്പുകൾ വഴി ഫണ്ട് ട്രാൻസ്ഫർ ചെയ്യുമ്പോൾ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടുണ്ട്. ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മാർച്ച് 26 ൽ ഗൂഗിൾ പേ, പേടിഎം എന്നീ യു.പി.ഐ ആപ്പുകളുടെ ഉപയോക്താക്കളിൽ ഇടപാടുകൾക്ക് തടസ്സം നേരിട്ടിരുന്നു. ഡൗൺഡിറ്റക്ടറിൽ 3000-ത്തിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉപയോക്താക്കൾക്ക് മണിക്കൂറുകളോളം സേവനം തടസ്സപ്പെടുകയും ചെയ്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe