ന്യൂഡൽഹി: ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിനാണ് തീപിടിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടനെയാണ് അപകടം. യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം.
എഐ315 ഹോങ്കോങ് – ഡൽഹി വിമാനത്തിനാണ് തീപിടിച്ചത്. വിമാനം ലാൻഡ് ചെയ്ത ഉടനെ ഓക്സിലറി പവർ യൂണിറ്റിൽ തീപിടിക്കുകയായിരുന്നു. തീപടർന്ന ഉടൻ തന്നെ തിരിച്ചറിയുകയും ഓക്സിലറി പവർ യൂണിറ്റ് യാന്ത്രികമായി ഓഫ് ആകുകയും ചെയ്തു. തുടർന്ന് യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങി. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച രണ്ട് എയർ ഇന്ത്യ വിമാനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെത്തുടർന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാന സർവീസ് നിർത്തിവച്ചു. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന AI2744 എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടിരുന്നു. മുംബൈ വിമാനത്താവളത്തിൽ കനത്ത മഴയിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയായിരുന്നു അപകടം.