ഇന്ത്യൻ സിനിമയിൽ ചരിത്രം തീർത്ത എസ്.എസ്. രാജമൗലി ചിത്രമാണ് ബാഹുബലി. ചിത്രത്തിന്‍റെ രണ്ടുഭാഗങ്ങൾ കൂട്ടിച്ചേർത്ത് ബാഹുബലി-ദി എപിക് എന്ന ഒറ്റ ഭാഗം റിലീസിന് ഒരുങ്ങുന്ന വിവരം നേരത്തേ തന്നെ അറിയിച്ചിരുന്നു. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് മിനിറ്റ്, 30 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാന ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയിട്ടുണ്ട്. ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയുടെ രണ്ടുഭാഗങ്ങളും ഒന്നിച്ച് വീണ്ടും തിയറ്ററിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീ-റിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും. ബാഹുബലി, ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ എന്നീ ഭാഗങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്. ഐമാക്‌സ്, 4ഡി.എക്‌സ്, ഡി ബോക്‌സ്, ഡോള്‍ബി സിനിമ, എപിക് ഉള്‍പ്പടെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. റീ എഡിറ്റ് ചെയ്തും റീ മാസ്റ്റര്‍ ചെയ്തുമാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. സാങ്കേതികപരമായ മാറ്റങ്ങള്‍ക്ക് പുറമെ മുമ്പ് കണ്ടിട്ടില്ലാത്ത പുതിയ രംഗങ്ങളും പതിപ്പിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിലെ സംഗീതത്തിന് പ്രത്യേക ആരാധകരുണ്ട്. രണ്ടുഭാഗങ്ങളിലേയും ഡബ്ട് ഗാനങ്ങൾ ഉൾപ്പെടെ വലിയ ഹിറ്റായിരുന്നു. എന്നാൽ പുതിയ പതിപ്പിൽ ഗാനങ്ങൾക്ക് എം.എം. കീരവാണി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് വിവരം. കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനരംഗം ഒഴിവാക്കി പുതിയ രംഗങ്ങള്‍ ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എസ്.എസ്. രാജമൗലി സഹരചനയും സംവിധാനവും നിർവഹിച്ച് പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവർ അഭിനയിച്ച ചിത്രം ലോകമെമ്പാടും ബോക്സ് ഓഫിസിൽ 650 കോടി നേടിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗം ബാഹുബലി 2: ദി കൺക്ലൂഷൻ ലോകമെമ്പാടുമായി 1788.06 കോടിയും ആഭ്യന്തര ബോക്‌സ് ഓഫിസിൽ 1030.42 കോടിയും നേടി ചരിത്രം സൃഷ്ടിച്ചു. ബാഹുബലി ദി ബിഗിനിങ് പത്താം വാർഷികം ആഘോഷിക്കുന്ന സമയത്താണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുക.
