വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രൻ കോഴിക്കോട് ഡി.എം.ഒ ആകും

news image
Dec 27, 2024, 10:59 am GMT+0000 payyolionline.in

കൊച്ചി: കോഴിക്കോട് ഡി.എം.ഒ ​കസേര തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്. കോഴിക്കോട് ഡി.എം.ഒയായി ​ഡോ. രാജേന്ദ്രനെ നിയമിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ നിലനിൽക്കുമെന്നും ഹൈകോടതി വ്യക്തമാക്കി. ജനുവരി ഒമ്പത് വരെ സ്റ്റേ തുടരാനാണ് ഹൈകോടതി നിർദേശം. അടുത്തമാസം ഒമ്പതിനാകും കേസ് വീണ്ടും പരിഗണിക്കുക.

രാജേന്ദ്രൻ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരാണ് സ്ഥലംമാറ്റ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഇവർക്കും ഈ ഹൈക്കോടതി ഉത്തരവ് ബാധകമാകും. വെള്ളിയാഴ്ച തന്നെ ചുമതലയേൽക്കാൻ ഡോ. രാജേന്ദ്രൻ ഡി.എം.ഒ. ഓഫീസിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഡോ. ആശാദേവി ഓഫീസിൽ നിന്ന് മടങ്ങിയിരുന്നു.

കോഴിക്കോട് ഡി.എം.ഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി.എം.ഒ തയറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡി.എം.ഒ ആയി ഓഫീസിലെ കാബിനിലിരുന്നത്. സ്ഥലംമാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്നാണ് സ്ഥാനം ഏറ്റെടുക്കാൻ ഡോ. ആശാദേവി ഡി.എം.ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നായിരുന്നു കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്.

കോഴിക്കോട് ഡി.എം.ഒ ആയ ഡോക്ടര്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായാണ് ഡിസംബര്‍ ആദ്യം സ്ഥലം മാറ്റിയത്. ഈ മാസം പത്തിന് ഡോക്ടര്‍ ആശാദേവി കോഴിക്കോട് ഡി.എം.ഒയായി ചുമതലയേറ്റു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലില്‍ നിന്നും സ്ഥലം മാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി.എം.ഒയായി ചാര്‍ജെടുത്തു. പിന്നീട് അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രിബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഓഫീസിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe