രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. 24 മണിക്കൂറിനുളളില്‍ 6 കൊവിഡ് മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നപ്പോള്‍, ഗുജറാത്തില്‍ ആയിരം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. 306 ആക്ടിംഗ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്ന് 7121 ആയി. 24 മണിക്കൂറിനുളളില്‍ ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഈ തരംഗത്തില്‍ മാത്രം മരണസംഖ്യ 74 ആയി ഉയര്‍ന്നു. കേരളത്തില്‍ മൂന്ന് മരണവും കര്‍ണാടകയില്‍ രണ്ട് മരണവും മഹാരാഷ്ട്രയില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. 170 ആക്ടിംഗ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2223 ആയി ഉയര്‍ന്നു. ഗുജറാത്തിലും കൊവിഡ് രോഗികള്‍ ആയിരം കടന്നു. ഗുജറാത്ത് 1223, ദില്ലി 757, കര്‍ണാടക 459, മഹാരാഷ്ട്ര 615, ബംഗാള്‍ 747 എന്നിങ്ങനെയാണ് കൊവിഡ് കണക്കുകള്‍. കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് പടരുന്നതായും കണ്ടെത്തി. ഇന്ത്യയിലുടനീളം രോഗബാധയുള്ള 163 പേരില്‍ പുതിയ ഒമിക്രോണ്‍ വകഭേദമായ എക്സ്എഫ്ജിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ ജീനോമിക്സ് കണ്‍സോര്‍ഷ്യം അറിയിച്ചു. ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ജെഎന്‍1, എല്‍എഫ് 7, എക്സ്എഫ്ജി തുടങ്ങിയവ ഇന്ത്യയില്‍ പരക്കുന്നതായി നേരത്തെ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു