വീണ്ടും പ്രഹരമേൽപ്പിച്ച് ഇന്ത്യ; പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു

news image
May 8, 2025, 2:43 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ സൈന്യം ആക്രമിച്ച് തകർത്തു. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചതിനുള്ള മറുപടിയായാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇന്നലെ രാത്രിയാണ് അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭത്തിണ്ഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭൂജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണ ശ്രമമുണ്ടായത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണശ്രമങ്ങളെല്ലാം തടഞ്ഞു. വിവിധയിടങ്ങളിൽ നിന്ന് ലഭ്യമായ അവശിഷ്ടങ്ങളിൽ നിന്ന്, പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാണ് -വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇതിന് മറുപടിയായി ഇന്ന് രാവിലെ ഇന്ത്യൻ സൈന്യം പാകിസ്താനിലെ വിവിധ സ്ഥലങ്ങളിലെ എയർ ഡിഫൻസ് റഡാറുകളെയും മറ്റ് പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമാക്കി ആക്രമണം നടത്തി. പാകിസ്താൻ നടത്തിയ അതേതരം ആക്രമണ തീവ്രതയോടെയായിരുന്നു ഇന്ത്യയുടെ മറുപടി. ലാഹോറിലുള്ള എയർ ഡിഫൻസ് സംവിധാനം ഇന്ത്യ തകർത്തു -പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി പാക് സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. സംഘർഷം വലുതാക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. എന്നാൽ പാകിസ്താൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ത്യയിലെ സൈനിക കേന്ദങ്ങൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നൽകും -പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe