തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് വയസുള്ള പെൺകുട്ടിക്കും ഏഴ് വയസുള്ള ആൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരായ കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും അതികൃതർ വ്യക്തമാക്കി.
മലപ്പുറത്ത് ഇന്നലെ ഷിഗെല്ല ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. കീഴാറ്റൂർ സ്വദേശി സരോജിനി(59) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ച്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആയതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ മൂന്നുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില നിലവിൽ തൃപ്തികരമാണ്. വയനാട് കോളിയാടി സ്കൂളിലെ ഏഴ് പേർക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയിരുന്നു. 110ൽ അധികം പേർക്കാണ് ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേർക്കാണ് രോഗം ബാധിച്ചത്.
