വീണ വിജയൻറ കമ്പനി എക്സാലോജിക് നികുതി അടച്ചു; ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്

news image
Oct 21, 2023, 12:19 pm GMT+0000 payyolionline.in

തിരുവനന്തപുരം: സിഎംആ‌ർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടിക്ക് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറ കമ്പനി ഐ‍ജിഎസ് ടി അടച്ചതായി ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്. മാസപ്പടി വിവാദത്തിന് മുമ്പ് തന്നെ പണമടച്ചുവെന്നാണ് റിപ്പോർട്ടെങ്കിലും എത്ര തുകയെന്ന് പറയുന്നില്ല. തുക അടച്ചിരുന്നെങ്കിൽ വീണയോ കമ്പനിയോ ഇതുവരെ രേഖകൾ പുറത്തുവിടാതിരിക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല. നികുതി അടച്ചതിൻറെ രേഖകൾ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു.


മാസപ്പടി വിവാദം കത്തിനിൽക്കെ മാത്യു കുഴൽ നാടൻ എംഎൽഎയായിരുന്നു വീണാ വിജയൻറെ കമ്പനി എക്സാലോജിക് ഐജിഎസ് ടി അടച്ചില്ലെന്ന ആരോപണം ഉയർത്തിയത്. പണമടച്ചെന്നായിരുന്നു സിപിഎം നേതാക്കളുടെ വാദം. നികുതി വിവരം അന്വേഷിക്കണമെന്നാവശ്യപ്പട്ട് മാത്യു ധനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിലുള്ള അന്വേഷണത്തിലാണ് പണം അടച്ചെന്ന ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്.

സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്. കർണ്ണാടകയിൽ അടച്ച ഐജിഎസ് അടി സിഎംആർഎല്ലിൻറെ നികുതി രേഖകളിലുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. അതേ സമയം റിപ്പോർട്ടിനെ കുറിച്ച് ധനമന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാൻ ധനവകുപ്പ് തയ്യാറല്ല.

വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് വീണാ വിജയൻറെ കമ്പനി എത്ര രൂപ ഐജിഎസ് ടി അടച്ചുവെന്ന മറുപടി നൽകാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നികുതി വകുപ്പിൻറെ മറുപടി. നികുതി അടച്ചെങ്കിൽ എന്ത് കൊണ്ട് വിവാദം കത്തിപ്പടർന്നപ്പോഴും ഇപ്പോഴും വീണ രേഖ പുറത്തുവിടുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. സേവനത്തിനല്ല പണം കൈമാറിയതെന്ന ആദായ നികുതി സെറ്റിൽമെൻറ് ബോർഡിന്‍റെ കണ്ടെത്തൽ നീക്കം ചെയ്യാൻ ഇതുവരെ വീണ ശ്രമിച്ചതായും വിവരമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe