വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം; കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജം

news image
Sep 26, 2025, 1:57 pm GMT+0000 payyolionline.in

മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി.

എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.

വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന് വകുപ്പിന്റെ ഒരു കോടിക്ക് പുറമെ അധികമായി ജി.സി.ഡി.എ.യുടെ വിഹിതമായി 30 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.

കേരളത്തിലെ തെരുവോര കച്ചവടത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റുകയും ഇതൊരു പുതിയ ടൂറിസം ആകര്‍ഷണമായി മാറ്റുകയും ചെയ്യും എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഭക്ഷ്യ സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കുക, അതിലൂടെ ഭക്ഷ്യജന്യ രോഗങ്ങള്‍ കുറയ്ക്കുക, ആരോഗ്യം മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യമിടുന്നു.കേരളത്തിലെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ആദ്യം പൂര്‍ത്തിയായത് എറണാകുളം കസ്തൂര്‍ബ നഗര്‍ ഫുഡ് സ്ട്രീറ്റാണ്. കൊച്ചി കോര്‍പ്പറേഷന്റെയും ജി.സി.ഡി.എ.യുടെയും നിയന്ത്രണത്തിലാണ് ഈ ഫുഡ് സ്ട്രീറ്റ് പ്രവര്‍ത്തിക്കുന്നത്. ഫുഡ് സ്ട്രീറ്റിന്റെ മേല്‍നോട്ട ചുമതല ഭക്ഷ്യ സുരക്ഷാ വകുപ്പിനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe