തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കല്യാൺ ജ്വല്ലേഴ്സ്. കല്യാൺ ജ്വല്ലേഴ്സ് എം ഡി ടി എസ് കല്യാണരാമൻ ഇക്കാര്യം അറിയിച്ചു. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏൽപ്പിച്ചെന്നും കല്യാണരാമൻ പറഞ്ഞു.
മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും.
ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാൽ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശിപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.
തിരച്ചിലും രക്ഷാപ്രവർത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതിൽ പൊളിക്കുകയും വയൽ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിന് ചെലവാകുന്ന യഥാർത്ഥ തുക ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ദുരന്തപ്രതികരണ നിധിയിൽ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.
