പച്ചക്കറികളിലെ കീടനാശിനികളുടെ അംശം കളയാനായി ഇന്ന് വിപണിയില്‍ പല ലായനികളും ലഭ്യമാണ്. ഒരു രാസവസ്തു കളയുന്നതിനായി മറ്റൊരു രാസവസ്തു ഉപയോഗിക്കണോ വേണ്ടയോ എന്ന് പലര്‍ക്കും കണ്‍ഫ്യൂഷനാണ്. എന്നാല്‍, വെറുതെ വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മാത്രം ഈ കീടനാശിനിയൊന്നും പോവില്ല, അംശങ്ങൾ പച്ചക്കറികളുടെ തൊലിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. അവയുടെ അംശങ്ങൾ പച്ചക്കറികളുടെ തൊലിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. എന്നാല്‍, അടുക്കളയിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഇത് എളുപ്പത്തിൽ വൃത്തിയാക്കാന്‍ പറ്റും. ഇതെങ്ങനെയെന്നു നോക്കാം.
- വെള്ളത്തിൽ കുതിർത്ത് കഴുകാം
പച്ചക്കറികൾ വൃത്തിയാക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴി ഇതാണ്. മാർക്കറ്റിൽ നിന്ന് വാങ്ങി കൊണ്ടുവരുന്ന പച്ചക്കറികൾ, ആദ്യം ഒഴുകുന്ന വെള്ളത്തിൽ കഴുകി അഴുക്ക് കളയുക. അതിനുശേഷം ഒരു പാത്രത്തിൽ ശുദ്ധമായ വെള്ളമെടുത്ത് 20-30 മിനിറ്റ് നേരം അതിൽ മുക്കിവെക്കുക. ഇത് കീടനാശിനികളും പൊടിയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും. ചീര, മല്ലിയില പോലുള്ള ഇലക്കറികളാണെങ്കിൽ വെള്ളത്തിൽ ഇട്ട ശേഷം ഇളക്കി കൊടുക്കുന്നത് നന്നായിരിക്കും. അവസാനം ഒരു തവണകൂടി ശുദ്ധമായ വെള്ളത്തിൽ കഴുകി എടുക്കാം.
- വിനാഗിരി ലായനി
പഴങ്ങളുടെയും പച്ചക്കറികളുടെയും പുറംപാളികളിലുള്ള കീടനാശിനി കളയാൻ വിനാഗിരി വളരെ നല്ലതാണ്. ഒരു വലിയ പാത്രത്തിൽ ഒരു ഭാഗം വിനാഗിരിയും മൂന്ന് ഭാഗം വെള്ളവും ചേർത്ത് ഒരു ലായനി ഉണ്ടാക്കുക. അതിനുശേഷം പച്ചക്കറികൾ ഈ ലായനിയിൽ 15-20 മിനിറ്റ് വെക്കുക. ശേഷം നന്നായി കഴുകി എടുക്കുക. ഇത് കീടനാശിനി നീക്കം ചെയ്യുക മാത്രമല്ല, പച്ചക്കറികളിലെ ബാക്ടീരിയ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. എന്നാല്‍, സ്ട്രോബെറി പോലുള്ള മൃദുവായ പഴങ്ങൾ ഈ ലായനിയിൽ കൂടുതൽ സമയം മുക്കിവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
- ഉപ്പുവെള്ളത്തിൽ കുതിർക്കുക
പച്ചക്കറികളിൽ നിന്ന് കീടനാശിനികൾ നീക്കം ചെയ്യാൻ ഉപ്പുവെള്ളവും വളരെ ഫലപ്രദമാണ്. ഒരു പാത്രം വെള്ളത്തിൽ ഒരു ലിറ്ററിന് ഒരു ടേബിൾ സ്പൂൺ ഉപ്പ് എന്ന കണക്കിൽ ചേർത്ത് നന്നായി കലക്കുക. ഇതിൽ പച്ചക്കറികൾ 20 മിനിറ്റ് നേരം മുക്കിവെക്കുക. പച്ചക്കറികളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന കീടനാശിനികളെ വേർപെടുത്താൻ ഉപ്പ് സഹായിക്കും. കോളിഫ്ലവർ, വഴുതനങ്ങ പോലുള്ളവ വൃത്തിയാക്കാൻ ഇത് വളരെ ഉപകാരപ്പെടും.
- തൊലി കളയുകയും ഉരച്ചു കഴുകുകയും ചെയ്യുക
ചില പച്ചക്കറികളിലെ കീടനാശിനികൾ കൂടുതലും പുറം തൊലിയിലാണ് കാണാറ്. അത്തരം സന്ദർഭങ്ങളിൽ, തൊലി കളയുന്നത് തന്നെയാണ് ഏറ്റവും നല്ല മാർഗം. കാരറ്റ്, വെള്ളരി, ആപ്പിൾ എന്നിവയുടെ തൊലി കളയുന്നത് കീടനാശിനിയുടെ അളവ് കുറയ്ക്കും. അതേസമയം തൊലി കളയാൻ പറ്റാത്ത പച്ചക്കറികൾ ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുന്നത് നല്ലതാണ്.
- ബേക്കിങ് സോഡ ലായനി
പച്ചക്കറികൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡയും ഉപയോഗിക്കാം. ഒരു വലിയ പാത്രത്തിൽ ഒരു ലിറ്റർ വെള്ളത്തിന് ഒരു ടീസ്പൂൺ ബേക്കിങ് സോഡ ചേർത്ത് നന്നായി കലക്കി പച്ചക്കറികൾ 15-20 മിനിറ്റ് കുതിർക്കാൻ വെക്കുക. ഇത് രാസവസ്തുക്കളെ വിഘടിപ്പിക്കാനും അഴുക്ക് നീക്കം ചെയ്യാനും സഹായിക്കും. കാപ്സിക്കം, വെണ്ടക്ക, മത്തങ്ങ എന്നിവ പോലുള്ള കട്ടിയുള്ള തൊലിയുള്ള പച്ചക്കറികൾക്ക് ഈ രീതി വളരെ നല്ലതാണ്. എന്നാല്‍, ബേക്കിങ് സോഡയുടെ രുചി ഭക്ഷണത്തിൽ വരാതിരിക്കാൻ, നന്നായി കഴുകാൻ ശ്രദ്ധിക്കുക.