വെറുതേ വാഹനമോടിച്ച്‌ കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല; ഇക്കാര്യം ഇനി നിര്‍ബന്ധം

news image
Apr 4, 2025, 3:17 am GMT+0000 payyolionline.in

പുതിയ ഡ്രൈവിംഗ് സംസ്‌കാരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് ടെസ്റ്റിന് എത്തുന്നവര്‍ റോഡില്‍ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ചും ബോധവാന്മാരായിരിക്കണം. വാഹനമോടിച്ച്‌ തെളിഞ്ഞാല്‍ എല്ലാമായെന്ന് കരുതുന്നവര്‍ക്ക് റോഡ് നിയമങ്ങളില്‍ വകതിരിവില്ലെങ്കില്‍ ഇനിമുതല്‍ ടെസ്റ്റിന് എത്തുമ്ബോള്‍ പണികിട്ടും. ഏതുതരം വാഹനവുമാകട്ടെ, ഓടിക്കുന്ന ആള്‍ക്ക് റോഡ് നിയമങ്ങളില്‍ പരിജ്ഞാനം ഉണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കുമെന്ന് വര്‍ക്കല സബ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുക വഴി അപകടങ്ങള്‍ ഒഴിവാക്കാമെന്നത് തന്നെയാണ് ഈ ഉദ്യമത്തിന് പിന്നില്‍. റോഡ് നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നവരെയാണ് യോഗ്യരായ ലൈസന്‍സ് അപേക്ഷകരായി അധികൃതര്‍ കണക്കാക്കുന്നത്. കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ടെസ്റ്റിന് നേരെ കയറി ചെല്ലാനാവില്ല. ലൈസന്‍സുമായി വാഹനത്തില്‍ കയറിയാല്‍ എന്തുമാകാമെന്നതിന് പകരം എന്ത് ആകാമെന്നും എന്ത് പാടില്ലെന്നും കൃത്യമായ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. ടെസ്റ്റിന് ഗ്രൗണ്ടില്‍ എച്ച്‌, എട്ട് എന്നിവയെടുത്താലും റോഡില്‍ പാലിക്കേണ്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും എന്തൊക്കെയെന്നും എപ്പോള്‍ എങ്ങനെ പാലിക്കണമെന്നതുള്‍പ്പെടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ വര്‍ക്കല സബ് ആര്‍.ടി ഓഫീസില്‍ നിന്ന് ലൈസന്‍സ് കിട്ടുന്നത് കടുക്കും.

ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കണം

വാഹന ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. വേഗപരിധി, പ്രധാനപ്പെട്ട റോഡ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ അപേക്ഷകര്‍ക്ക് അറിവ് ഉണ്ടായിരിക്കണം.

ചുവടെയുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.:

ഇടതുവശത്തുകൂടെ വാഹനങ്ങളെ മറികടക്കരുത്.

തിരക്കുപിടിച്ച ജംഗ്ഷനുകള്‍, സീബ്രാക്രോസുകള്‍, നടപ്പാതകള്‍, അപകടംപിടിച്ച വളവുകള്‍ എന്നിവയുടെ സമീപമെത്തുമ്ബോള്‍ വേഗത കുറയ്ക്കുക.

അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യുക.

രണ്ടോ നാലോ വരിയുള്ള പാതകളില്‍ വരുന്ന സിഗ്നലുകളില്‍ യുടേണ്‍ എടുക്കുമ്ബോള്‍ വാഹനം വലതുവശം ചേര്‍ത്ത് നിറുത്തുക.

ട്രാഫിക് സിഗ്‌നലിന് സമീപമെത്തുമ്ബോള്‍ തിരക്കുപിടിച്ച്‌ മറികടക്കാന്‍ ശ്രമിക്കരുത്.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കുക.

വളവുകളില്‍ ഇന്‍ഡിക്കേറ്റര്‍ ഓണാക്കി മാത്രം വാഹനം തിരിക്കുക.

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe