വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു

news image
Feb 8, 2025, 12:57 pm GMT+0000 payyolionline.in

ചെന്നൈ: വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ച രാത്രിയാണ്‌ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് 36കാരി.

നാലുമാസം ഗർഭിണിയായ ആന്ധ്ര ചിറ്റൂർ സ്വദേശിക്ക് നേരേയായിരുന്നു ട്രെയിനിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ലൈംഗികാതിക്രമം നടന്നത്. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ടൈലറിങ് ജോലി ചെയ്യുന്ന 36കാരി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ജോലാർപെട്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോൾ ഒരു യുവാവ് ലേഡീസ് കമ്പാർട്മെന്റിലേക്ക് ഓടിക്കയറി. അബദ്ധത്തിൽ ബോഗി മാറി കയറിയതാണെന്നാണ് യുവതി കരുതിയത്. അടുത്ത സ്റ്റേഷനിൽ ഇറങ്ങാം എന്ന് പറഞ്ഞ ഇയാൾ യുവതി ശുചിമുറിയിലേക്ക് പോയപ്പോൾ പിന്തുടർന്നെത്തി കയറിപിടിച്ചു. അലറിക്കരഞ്ഞ യുവതി, തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും മദ്യലഹരിയിൽ ആയിരുന്ന പ്രതി അലിവ് കാട്ടിയില്ല. ചെറുക്കാൻ ശ്രമിച്ച യുവതിയെ കവനൂറിന് സമീപത്ത് വച്ച് ഇയാൾ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രാക്കിൽ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാർ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയിരുന്നു.

യുവതിക്ക് കൈയ്ക്കും കാലിനും പൊട്ടലുണ്ട്. തലയിലും മുറിവേറ്റു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയായ ഹേമരാജിനെ രാവിലെ അറസ്റ്റ് ചെയ്തു. കെവി കുപ്പത്തിന് സമീപം പൂഞ്ചോല എന്ന ഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ദേശീയ വനിതാ കമ്മീഷൻ തമിഴ്നാട് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടന്നുംഐസിയുവിൽ നിന്ന് മാറ്റിയെന്നും വൈകിട്ടോടെ ഡോക്ടർമാർ വ്യക്തമാക്കി. യുവതിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe