കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ പത്മഭൂഷൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. ക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയ നടപടി ശരിയല്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.
വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യവുമായി എസ്എൻഡിപി സംരക്ഷണ സമിതി നേരത്തെ രംഗത്തെത്തിയിരുന്നു. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു സമിതിയുടെ ആരോപണം. വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റം ചുമത്തിയിട്ടുണ്ട്. 21 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പത്മവിഭൂഷൺ ജേതാവ് കൂടിയായ വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി. പണം കൊടുത്താണോ പുരസ്കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും എസ്എൻഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. പുരസ്കാരം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകിയതായും തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി സംരക്ഷണ സമിതി പറഞ്ഞിരുന്നു.
